കൊച്ചി: ക്രൈസ്തവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നവർക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി കെസിബിസി. കർദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ഡോ. ജോസഫ് മാർ മാർ തോമസ് എന്നിവരുടെ പേരിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പിൽ വിശ്വാസികൾ ആർക്ക് വോട്ടു ചെയ്യണമെന്നു വ്യക്തമായ ആഹ്വാനം നൽകിയിരിക്കുന്നത്.
ദളിത് ക്രൈസ്തവർക്ക് സംവരണം വേണമെന്നതുൾപ്പടെ ജനങ്ങൾ നിരന്തരം ഉന്നയിക്കുന്ന 12 ആവശ്യങ്ങൾ മുന്നോട്ടു വച്ചാണ് വിശ്വാസികളോടു വോട്ടു ചെയ്യാനുള്ള കത്തോലിക്ക സഭ നിർദേശം.
മത സൗഹാർദം നിലനിർത്താവുന്ന തുറന്ന സമീപനങ്ങൾ സൃഷ്ടിക്കുക, മതേതര മൂല്യങ്ങൾക്ക് ഒട്ടും തന്നെ കുറവു വരാതിരിക്കാൻ ശ്രദ്ധിക്കുക, ദളിത് ക്രൈസ്തവർക്ക് സംവരണം പോലുള്ള ന്യായമായ അവകാശങ്ങൾ ഉറപ്പു വരുത്തുക, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ കൂടുതലായും സൃഷ്ടിക്കുകയും നിയമനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യുക, മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം നടപ്പാക്കുമ്പോൾ പിന്നാക്ക സമുദായത്തിന്റെ സംവരണത്തിൽ കുറവു വരാത്തവിധം ക്രമീകരണങ്ങൾ നടപ്പാക്കുക, തുടങ്ങിയവയാണ് സഭ മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ.