തിരുവനന്തപുരം: വോട്ടെണ്ണുമ്പോള്‍ വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടായാല്‍ വിവി പറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത്.
ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ലെന്നും വിവിപാറ്റ് വിധി സ്ഥാനാര്‍ത്ഥികള്‍ കണക്കിലെടുക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ കൂടി നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
പോളിംഗ് ദിവസം ഏഴ് വോട്ടിംഗ് മെഷീനുകളിലെ മോക് പോളിംഗ് ഡാറ്റ നീക്കം ചെയ്യാത്തത് വലിയ വിവാദമായിരുന്നു. ഇത് അവസാനം എണ്ണുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിവിപാറ്റുകള്‍ വരെ എണ്ണിത്തീര്‍ത്ത് വൈകിട്ട് 7 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിടുക്കം വേണ്ട. കൃത്യതയ്ക്ക് പ്രാധാന്യം നല്‍കണം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്, അദ്ദേഹം വ്യക്തമാക്കി.