ഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് ശശി തരൂർ. വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രി മറുപടി നൽകിയ പശ്ചാത്തലത്തിലാണ് ശശി തരൂരിൻറെ പ്രതികരണം. വോട്ടർ പട്ടിക 20ആം തീയതി മുതൽ എഐസിസിയിലെ തൻറെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദൻ മിസ്ത്രി കത്ത് നൽകിയ എംപിമാരെ അറിയിച്ചു.
ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനൻ മിസ്ത്രിയുടെ കത്തിൽ പറയുന്നു. എന്നാൽ വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവർത്തിച്ചു. മത്സരിക്കുന്നവർക്ക് പിന്നീട് പട്ടിക പൂർണമായും നൽകുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങൾക്ക് കിട്ടിയ മറുപടിയിൽ തൃപ്തനാണെന്നും അതിനാൽ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂർ ട്വീറ്റ് ചെയ്തു.