പട്ന: പ്രിയങ്ക ഗാന്ധിയെ കുറിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും എന്നാല്‍ സൗന്ദര്യം കൊണ്ട് വോട്ട് കിട്ടില്ലയെന്നുമായിരുന്നു ബീഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായണ്‍ ഛാ പറഞ്ഞത്.
“രാഷ്ട്രീയത്തില്‍ യാതൊരു നേട്ടമുണ്ടാക്കാനും പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടില്ല. മുഖസൗന്ദര്യം കൊണ്ട് വോട്ടു നേടാന്‍ കഴിയില്ല. മാത്രവുമല്ല, അഴിമതിക്കേസില്‍ പെട്ട റോബര്‍ട്ട് വാദ്രയാണ് അവരുടെ ഭര്‍ത്താവ്”- ഛാ പറഞ്ഞു.
ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും പ്രിയങ്കയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ദിര ഗാന്ധിയോട് രൂപസാദൃശ്യമുണ്ടാകാം എന്നാല്‍ വലിയ അന്തരമുണ്ടെന്നും ഡ്യൂപ്ലിക്കേറ്റുകള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്നുമായിരുന്നു സുശീല്‍ മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തെരഞ്ഞെടുപ്പ് വേദികളില്‍ പ്രചരണത്തിന് മാത്രമായാണ് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.