ഡൽഹി: ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു. പോളിങ്ങ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ബിഹാറിൽ മൊകാമ, ഗോപാൽ ഗഞ്ജ്, മഹാരാഷ്ട്രയിൽ അന്ധേരി ഈസ്റ്റ്, ഹരിയാനയിൽ ആദംപൂർ, തെലങ്കാനയിൽ മുനുഗോഡെ, ഉത്തർപ്രദേശിലെ ഗോല ഗോകരൺനാഥ്, ഒഡീഷയിലെ ദാംനഗർ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. ഈ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നവംബർ ആറിന് നടക്കും.
ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്. തെലങ്കാന രാഷ്ട്രസമിതി, ആർജെഡി, സമാജ് വാദി പാർട്ടി, ബിജു ജനതാദൾ തുടങ്ങിയവയാണ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായി മത്സരരംഗത്തുള്ളത്.