കർണാടകയിൽ വോട്ടിങ് ആരംഭിച്ചു; അതിര്‍ത്തികളില്‍ കനത്ത സുരക്ഷ

ബെംഗളൂരു : കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2615 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാനായി 5കോടി 30 ലക്ഷം വോട്ടര്‍മാരാണു ബൂത്തിലെത്തുന്നത്. സുരക്ഷയ്ക്കായി എണ്‍പത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗോവയുമായുള്ള അതിര്‍ത്തികളില്‍ കനത്ത ബന്തവസ് ഏര്‍പ്പെടുത്തി. അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാണ്.

ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. നിർണായക ശക്തിയാകാൻ ആഗ്രഹിക്കുന്ന ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ. 80 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി. എന്നാൽ, ബെംഗളൂരു നഗരത്തിലുൾപ്പെടെ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയുയർത്തിയിട്ടുണ്ട്.

ബജ്റങ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ പേരിൽ അവസാന മണിക്കൂറിലും രാഷ്ട്രീയ രംഗം ചൂടുപിടിച്ചു. നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹുബ്ബള്ളിയിലെ ക്ഷേത്രം സന്ദർശിച്ച് ഹനുമാൻ കീർത്തനം ചൊല്ലി. വിശ്വഹിന്ദു പരിഷത്തും ബജ്റങ് ദളും സംസ്ഥാന വ്യാപകമായി ‘ഹനുമാൻ കീർത്തന’ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ബെംഗളൂരു കെആർ മാർക്കറ്റിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പൂജ നടത്തി.

Top