ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിക്കും. ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരില്‍ ഒരാളാണ് പ്രധാനമന്ത്രിയാകുക. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച അവസാനിച്ചതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
ബ്രെക്‌സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് തെരേസാ മേ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്.ഒരു മാസത്തോളം നീണ്ട നിരവധി തെരഞ്ഞെടുപ്പു പ്രകിയകള്‍ക്കു ശേഷമാണ് ഇന്ന് ബ്രിട്ടന്റെ പുതിയ പ്രധാനന്ത്രിയെ പ്രഖ്യാപിക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പൊതു തെരഞ്ഞെടുപ്പിന് പകരം, പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പാണ് നടന്നത്. ആദ്യം കണ്‍സര്‍വേറ്റീവ് എം.പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടന്നു. എം.പിമാര്‍ക്കിടയിലെ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സനാണ് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും.
ഇവരില്‍ ആരു പ്രധാനമന്ത്രിയാകണമെന്ന് കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 1,66,000 അംഗങ്ങള്‍ക്കിടയില്‍ രഹസ്യവോട്ടെടുപ്പ് നടത്തി. ഈ പ്രക്രിയയാണ് ഇന്നലെ പൂര്‍ത്തിയായത്. ലണ്ടന്‍ മുന്‍ മേയറായ ബോറി ജോണ്‍സണ്‍ തന്നെ പ്രധാനമന്ത്രിയാകും എന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
തെരേസാ മേയുമായി ബ്രെക്‌സിറ്റ് വിഷയത്തില്‍ തെറ്റിയ വിമത പരിവേഷമുള്ള നേതാവാണ് ബോറിസ് ജോണ്‍സന്‍. ബുധനാഴ്ച ബക്കിങാം കൊട്ടാരത്തിലെത്തുന്ന തെരേസ മേ എലിസബത്ത് രാജ്ഞിക്ക് രാജിക്കത്ത് നല്‍കി ഔദ്യോഗികമായി സ്ഥാനമൊഴിയും. അതിനു ശേഷം പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കും.
അതേസമയം ബ്രക്‌സിറ്റ് ചര്‍ച്ചകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. എന്നാല്‍, പ്രധാനമന്ത്രിയായി എത്തുന്നയാളുടെ മുന്നില്‍ ബ്രക്‌സിറ്റ് മാത്രമല്ല വെല്ലുവിളി. ബ്രിട്ടനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പല്‍ പ്രതിസന്ധിയും പ്രധാന വെല്ലുവിളിയാകും.