തിരുവനന്തപുരം: കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാര്‍ സ്വാഭാവികമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമുണ്ടായത് മൂലം വോട്ടിംഗ് യന്ത്രങ്ങളില്‍ ഈര്‍പ്പമുണ്ടായതിന്റെ പേരിലാണ് ചിലയിടങ്ങളില്‍ തകരാര്‍ സംഭവിച്ചതെന്നും ഇക്കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചില സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വളരെ സെന്‍സിറ്റീവായ യന്ത്രത്തില്‍ ചില തകരാറുകള്‍ സംഭവിച്ചേക്കും. ഇത് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ പരിഹരിക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായ തകരാറുകള്‍ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോവളത്ത് ചൊവ്വരയിലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞിരുന്നു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.