തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി നിരവധി സംഘടനകളും വ്യക്തികളുമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോള്‍ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ഗ്രൂപ്പായ വി പി എസ് ഹെല്‍ത്ത് കെയര്‍ കേരളത്തിന് വേണ്ടി 12 കോടിയുടെ സാമഗ്രികള്‍ കൈമാറും. സഹായത്തിന്റെ ആദ്യ ഗന്ധു തിരുവനന്തപുരത്ത് എത്തി. 70 ടണ്ണോളം വരുന്ന 12 കോടിയുടെ സാധനങ്ങളാണ് കേരളത്തില്‍ എത്തിയത്.
50 കോടിയുടെ സഹായമാണ് വി പി എസ് ഗ്രൂപ്പ് കേരളത്തിനായി പ്രഖ്യപിച്ചത്. മരുന്നുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായുള്ള ഡയപ്പര്‍, സ്ത്രീകള്‍ക്കുള്ള സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ 70 ടണ്‍ അവശ്യ വസ്തുക്കളാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകിയുടെ പേരിലേക്ക് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ നല്‍കിയിരിക്കുന്നത്.
അതേസമയം ഇന്നലെ വരെ 1027 കോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഭവ സമാഹരണത്തിനായി ജില്ലാതലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിക്കുമെന്നും. വിദ്യാലയങ്ങളില്‍ നിന്നും സെപ്തംബര്‍ 11 മുതല്‍ ധനസമാഹരണം നടത്തുമെന്നും പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ലോണ്‍ നല്‍കും. ഈ വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീ വഴിയായിരിക്കും വായ്പകള്‍ വിതരണം ചെയ്യുന്നത്. കുടുംബശ്രീയില്‍ അംഗമല്ലാത്തവര്‍ക്ക് ബാങ്കുകള്‍ വഴി നേരിട്ട് വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമലയില്‍ വലിയ തകര്‍ച്ച സംഭവിച്ചു. അത് പുനര്‍ നിര്‍മ്മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി