ത്രിപുര: രാജ്യത്ത് എവിടെ പോയാലും ബി.ജെ.പി ഒരു പൊതി നുണകള്‍ അവതരിപ്പിക്കാറാണ് പതിവെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട്. ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് സി.പി.എമ്മിന് നേരെ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് പരിഹാസവുമായി വൃന്ദ കാരാട്ട് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ, ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയാല്‍ ഏത് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും സമാധാനപരമായും സുരക്ഷിതമായും ജീവിക്കാമെന്ന് രാജ്‌നാഥ് സിംഗ് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാജ്‌നാഥ് സിംഗും മറ്റ് ബി.ജെ.പി നേതാക്കളും ഒരു മെഷീന്‍ കൊണ്ട് പോകുന്നുണ്ടെന്നും അത് എവിടെ ചെന്നാലും നുണകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയാണ് പണിയെന്നും വൃന്ദ കാരാട്ട് വിമര്‍ശിച്ചത്.
മാത്രമല്ല, ത്രിപുരയിലെ ബി.ജെ.പി – ഐ.പി.എഫ്.ടി കൂട്ടുകെട്ട് അവിശുദ്ധമാണെന്നും, മാധ്യമപ്രവര്‍ത്തകനായ ശന്തനു ഭൗമിക്കിന്റെ കൊലപാതക കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഐ.പി.എഫ്.ടി സ്ഥാനാര്‍ത്ഥികളിലൊരാളുടെ പേരുണ്ടെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയും സി.പി.എമ്മും ശക്തമായ മത്സരം നേരിടുന്ന ത്രിപുരയില്‍ ഫെബ്രുവരി 18നാണ് തിരഞ്ഞെടുപ്പ്.