ലഖ്‌നൗ: നാട് ബി.ജെ.പി ഭരിച്ചാല്‍ ഇതും ഇതിലപ്പറുവും നടക്കുമെന്ന് പ്രതിപക്ഷം ചുമ്മാ പറയുന്നതല്ല . . ഇതാ തെളിവുകള്‍ . . ബി.ജെ.പി ഉത്തര്‍ പ്രദേശ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയെ സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമതലയില്‍ നിയമിച്ച് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത് സാക്ഷാല്‍ മുഖ്യമന്ത്രി ആദിത്യനാഥാണ്.
സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയ ശേഷം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച ദവഷെര്‍പയെന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പുതിയ നിയോഗം. 92 ബാച്ച് യു.പി. കേഡര്‍ ഉദ്യോഗസ്ഥനായ ഷെര്‍പ 2008 മുതല്‍ 2012 വരെ അവധിയിലായിരുന്നു.
അക്കാലത്ത് ബി.ജെ.പിയില്‍ സജീവമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ചുരുങ്ങിയത് 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇദ്ദേഹത്തിന്റെ വി.ആര്‍.എസ് അപേക്ഷ അധികൃതര്‍ പരിഗണിച്ചിരുന്നില്ല.
2009 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ‘അഖില ഭാരതീയ ഗൂര്‍ഖ ലീഗില്‍’ ചേര്‍ന്നു. ഇതിനു ശേഷം 2012-ല്‍ വീണ്ടും സര്‍വ്വീസില്‍ പ്രവേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള അടുപ്പം അദ്ദേഹത്തെ വീണ്ടും ബി.ജെ.പിക്ക് സ്വീകാര്യനാക്കി.
തുടര്‍ന്നാണ് രാജ്യത്തെ പൊലീസ് സേനയെ തന്നെ അമ്പരപ്പിച്ച് കൊണ്ട് ഇപ്പോള്‍ ദവ ഷെര്‍പയെ ഉത്തര്‍പ്രദേശില്‍ തന്ത്രപ്രധാനമായ തസ്തികയില്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസും രാഷ്ട്രീയവും തമ്മില്‍ കൂട് വിട്ട് കൂടുമാറുന്ന ഗുരുതരസംഭവം വന്‍ വിവാദത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വരെ കാവി പൂശി കൊണ്ടിരിക്കെ പൊലീസിനെ കൂടി കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നിയമനമെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രാജ്യ ശ്രദ്ധ പിടിച്ചുപറ്റിയ ഉത്തര്‍പ്രദേശില്‍ നിഷ്പക്ഷ നീതി നിര്‍വ്വഹണത്തിനുള്ള വെല്ലുവിളിയാണ് ബി.ജെ.പി മുന്‍ നേതാവിനെ എ.ഡി.ജി.പിയാക്കിയ സംഭവമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.