മുംബൈ: വി ആർ എസ് അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ (എച്ച്എംഎസ്ഐ). ഉൽപാദന തന്ത്രം പുന: ക്രമീകരിക്കാനും പ്രതിസന്ധി ഘട്ടത്തിൽ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വി ആർ എസ് പ്രഖ്യാപനം. കമ്പനി ജീവനക്കാർക്കുളള ആഭ്യന്തര സർക്കുലറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 40 വയസ്സിന് മുകളിലുള്ള അല്ലെങ്കിൽ കമ്പനിയിൽ 10 വർഷം സേവന കാലയളവ് പൂർത്തിയാക്കിയ ജീവനക്കാർക്കാണ് പദ്ധതിക്ക് അർഹതയുള്ളത്.
6.4 ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള എച്ച്എംഎസ്ഐക്ക് മനേസർ (ഹരിയാന), അൽവാർ (രാജസ്ഥാൻ), നർസപുര (കർണാടക), വിത്തലപൂർ (ഗുജറാത്ത്) എന്നിവിടങ്ങളിൽ ഉൽപാദന സൗകര്യമുണ്ട്. “ഈ മത്സരാധിഷ്ഠിത മോട്ടോർസൈക്കിൾ വിപണിയിൽ നിലനിൽപ്പിന്, ഉയർന്ന കാര്യക്ഷമതയും മത്സരശേഷിയും തുടരേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു, മേൽപ്പറഞ്ഞ എല്ലാ കാരണങ്ങളും കണക്കിലെടുത്ത്, നിശ്ചിത വിരമിക്കൽ പ്രായത്തിന് മുമ്പ് കമ്പനിയിൽ നിന്ന് സ്വമേധയാ വിരമിക്കാൻ ആഗ്രഹിക്കുന്ന എല്ലാ അസോസിയേറ്റുകൾക്കും മാനേജ്മെന്റ് ‘വിആർഎസ്’ അവതരിപ്പിച്ചത്.” ഡിവിഷൻ ഹെഡ് – ജനറൽ അഫയേഴ്സ് നവീൻ ശർമ്മ എച്ച്.എം.എസ്.ഐ, സർക്കുലറിൽ പറഞ്ഞു.