തിരുവനന്തപുരം: കോട്ടയത്തെ കോടിമത മൊബിലിറ്റി ഹബ്ബിനുവേണ്ടി നെല്‍വയലുകള്‍ നികത്താന്‍ നല്‍കിയിരിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പദ്ധതികള്‍ എന്ന പേരില്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്, കണ്‍വന്‍ഷന്‍ സെന്റര്‍, എക്‌സിബിഷന്‍ സെന്റര്‍, ക്രിക്കറ്റ് സ്‌റ്റേഡിയം, ഫാമുകള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുളളതാണ് മുഖ്യമന്ത്രി ചെയര്‍മാനായ നിര്‍ദ്ദിഷ്ട കോടിമത മൊബിലിറ്റി ഹബ്ബ്.
ഇതിനായി കോട്ടയം താലൂക്കിലെ നാട്ടകം വില്ലേജില്‍പ്പെട്ട നൂറു മുതല്‍ 125 വരെ ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തരിശു കിടക്കുന്ന കൃഷിഭൂമി എന്ന പേരില്‍ ഏറ്റെടുക്കുന്ന ഈ സ്ഥലം പൂര്‍ണമായി നികത്തും. പകുതി സ്ഥലം ഭൂവുടമകള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുന്നതാണെന്നും ഇക്കഴിഞ്ഞ ജനുവരി 29ന് ഇറങ്ങിയ ഉത്തരവില്‍ പറയുന്നുണ്ട്.
ഫലത്തില്‍ 250 ഏക്കര്‍ വരെയുള്ള നെല്‍വയല്‍ നികത്താനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. നേരത്തേ ഇതേ നിബന്ധനകളില്‍ തന്നെയാണ് കോട്ടയം കോറിഡോര്‍ പ്രോജക്ടിനു വേണ്ടിയും നിലം നികത്താന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഈ ഉത്തരവുകളെല്ലാം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസില്‍ പോലും ഒരു വിഭാഗം പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനിയും കോടതിയുടെ ഇടപെടലോ, ജനകീയ പ്രക്ഷോഭങ്ങളോ വിളിച്ചുവരുത്താതെ, നിയമവിരുദ്ധമായി പുറപ്പെടുവിച്ച നെല്‍വയല്‍ നികത്തല്‍ ഉത്തരവ് റദ്ദാക്കാന്‍ തയ്യാറാകണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.