തിരുവനന്തപുരം: കുടിവെള്ള വിതരണ മേഖലയെ സ്വകാര്യ വല്‍ക്കരിച്ച് അതുവഴി കൊള്ളലാഭം കൊയ്യാനുള്ള വ്യാപക ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
ജല അതോറിറ്റിയുടെ സേവനം കാര്യക്ഷമമല്ലെന്നും, കുടിവെള്ളത്തിന് പ്രതിദിനം 10 രൂപയെങ്കിലും ഈടാക്കണമെന്നും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് ഇതിന്റെ സൂചനയായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്‌സ് രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. പുഴയോരങ്ങളിലെ സ്ഥലങ്ങള്‍ ചുളുവിലയ്ക്ക് വാങ്ങി വലിയ പണക്കാര്‍ റിസോര്‍ട്ടുകളും മറ്റും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതിന് ബന്ധപ്പെട്ട അധികൃതരും ഭരണക്കാരുമൊക്കെ കണ്ണടച്ച് പിന്തുണയും സഹായവും നല്‍കുന്നു.
ഇത്തരം കയ്യേറ്റങ്ങള്‍ തടയാനും കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളുമൊക്കെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ 2008ല്‍ ‘നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം’ പാസാക്കിയത്. എന്നാല്‍ ഈ നിയമം പൂര്‍ണമായും അട്ടിമറിക്കാനുള്ള രഹസ്യ ഉത്തരവുകള്‍ വരെ പുറപ്പെടുവിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍.
ജല അതോറിറ്റിയുടെ പ്രവര്‍ത്തനം മോശമാണെന്നു വരുത്തിത്തീര്‍ത്ത് പകരം സ്വകാര്യമേഖലയെ കുടിയിരുത്താനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ജല അതോറിറ്റിയിലെ ഓഫീസര്‍മാരും ജീവനക്കാരും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.