ശശിയ്‌ക്കെതിരെയുള്ള പരാതി; വസ്തുതകള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി എസ്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ലൈംഗിക ചൂഷണ പരാതിയില്‍ വസ്തുതകള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതി നല്‍കിയ തിയതിയും മാധ്യമങ്ങള്‍ പറയുന്ന തിയതിയും ഒത്തുനോക്കേണ്ടതുണ്ട്. സ്ത്രീയാണ് പരാതി നല്‍കിയത്. അതിനാല്‍ വസ്തുതകള്‍ പഠിച്ച് മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വി എസ് വ്യക്തമാക്കി.

അതിനിടെ, ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് പ്രവര്‍ത്തകരുടെ മാര്‍ച്ച്.

Top