ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായത്തിനെത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് വി എസ്

vs achudhanathan

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സങ്കുചിതമായ പരിഗണനകളെല്ലാം മാറ്റിവെച്ച് ദുരന്തമുഖത്ത് മാത്യകാപരമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

നേരത്തെ, കേരളത്തിലെ അപ്രതീക്ഷിത പ്രളയദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു. പ്രളയ ദുരന്തത്തിന്റെ ഭാഗമായി ആയിരങ്ങള്‍ മരിക്കുകയോ അനാഥരാക്കപ്പെടുകയോ ചെയ്യാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ഭരണ പ്രതിപക്ഷ ഭേദമന്യെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും യോജിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സാദ്ധ്യമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പരമാവധി ഏകോപിപ്പിക്കുന്നുണ്ട്. എന്നാല്‍, കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുന്നതല്ലെന്നും ഈ അടിയന്തര ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വി എസ് പറഞ്ഞിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. അദ്ദേഹം എത്തുന്നത് നല്ല കാര്യമാണെന്നും കേരളത്തിന്റെ അവസ്ഥ മനസ്സിലാക്കാനും ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വി എസ് പറഞ്ഞു.

Top