തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത പ്രളയദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. പ്രളയ ദുരന്തത്തിന്റെ ഭാഗമായി ആയിരങ്ങള്‍ മരിക്കുകയോ അനാഥരാക്കപ്പെടുകയോ ചെയ്യാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ഭരണ പ്രതിപക്ഷ ഭേദമന്യെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും യോജിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സാദ്ധ്യമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പരമാവധി ഏകോപിപ്പിക്കുന്നുണ്ട്. എന്നാല്‍, കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാവുന്നതല്ല.
ഈ അടിയന്തര ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം. അവരവരുടെ കേന്ദ്ര നേതൃത്വങ്ങളെക്കൂടി ഇക്കാര്യത്തിനായി സജീവമാക്കാന്‍ ഓരോ സംഘടനയും പ്രത്യേകം താല്പര്യമെടുക്കണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.
അതേസമയം, കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ സൈന്യം എത്തും. ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആഭ്യന്തരപ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
വൈദ്യുതി തടസങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.