Vs achuthanandan-assembly-election-CM candidate-cpm

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഗുണകരമാവുകയെന്ന നിലപാടില്‍ ഉറച്ച് വിഎസ്.

വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രചരണം നയിക്കണമെന്ന നിലപാടില്‍ സംസ്ഥാനത്തെ പ്രബലവിഭാഗവും ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്‍ തന്റെ നിലപാട് യെച്ചൂരിയോട് വ്യക്തമാക്കിയത്.

താനും പിണറായിയും ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിലപാടിലാണ് അദ്ദേഹം. ഇനി അങ്ങനെ നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പാര്‍ട്ടി പ്രഖ്യാപിക്കണം. അതല്ലാതെ മത്സരരംഗത്തിറങ്ങിയാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് കാരണമാവുമെന്നും വിഎസ് ചൂണ്ടിക്കാട്ടി.

93കാരനായ വിഎസ് തിരഞ്ഞെടുപ്പില്‍ നായകനാവണമെന്ന നിലപാടിലാണ് ഘടകകക്ഷിയായ സിപിഐ. വിഎസിനെ മുന്‍ നിര്‍ത്താതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടിയുണ്ടാവുമെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

ഇത്തവണ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതുമുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പ് കേരളത്തിലും അപകടത്തിലാവുമെന്നതിനാല്‍ സിപിഎം നേതൃതീരുമാനം സിപിഐ നേതൃത്വവും ഉറ്റുനോക്കുകയാണ്.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് അനുസരിക്കണമെങ്കില്‍ തന്റെ ഘടകം ഏതാണെന്ന് വ്യക്തമാക്കണമെന്നും പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയുള്ളവനെന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായ പ്രകടനം തിരുത്തണമെന്നുമുള്ള നിലപാട് വിഎസ് മുന്നോട്ട് വെച്ചതായും സൂചനയുണ്ട്. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പിബിയും കേന്ദ്രകമ്മിറ്റിയുമാണ്.

എന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ്.

വിഎസും പിണറായിയും ഒരുമിച്ച് മത്സരിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമോ എന്ന ആശങ്കയും നേതൃത്വത്തില്‍ ശക്തമാണ്.

സിപിഎമ്മിലെ ഈ പിരിമുറുക്കം യുഡിഎഫ്-ബിജെപി കേന്ദ്രങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

വിഎസിനെ മാറ്റി നിര്‍ത്തിയാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ബിജെപിയാകട്ടെ പ്രതീക്ഷിക്കുന്ന സീറ്റുകളിലും വോട്ട് ശതമാനത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടുന്നത്.

Top