ലോക രാഷ്ട്രീയത്തില്‍ 94-ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കര്‍മ്മനിരതനായി നില്‍ക്കുന്ന ഏക രാഷ്ട്രീയ നേതാവ് വി.എസ് അച്ചുതാനന്ദന്‍ !
രാജ്യാന്തര രാഷ്ട്രീയ സംഭവങ്ങളേയും നേതാക്കളേയും വിശകലനം ചെയ്യുന്ന രാഷ്ട്രീയ നിരീക്ഷകരാണ് വി.എസിന്റെ ചരിത്ര നേട്ടത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത്.
പൊതുവെ ലോകത്ത് മികച്ച ആയുര്‍ദൈര്‍ഘ്യമുള്ള കമ്യൂണിസ്റ്റ് ചൈനയെ പോലുള്ള രാഷ്ട്രങ്ങളില്‍ പോലും 94-ാം വയസ്സില്‍ കര്‍മ്മനിരതനായ ഒരു രാഷ്ട്രീയ നേതാവില്ലത്രെ.
വി.എസ് ഈ പ്രായത്തിലും രാഷ്ട്രീയ പ്രവര്‍ത്തനം ലൈവായി നടത്തുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വി.എസിന്റെ പ്രസംഗം കേള്‍ക്കാന്‍ അടുത്തയിടെ വേങ്ങരയില്‍ തടിച്ച്കൂടിയ ജനക്കൂട്ടം ഇപ്പോഴും ജനങ്ങളെ അദ്ദേഹം ആകര്‍ഷിക്കുന്നതിന് തെളിവാണെന്നാണ് നിരീക്ഷക പക്ഷം.
മതികെട്ടാനിലും പൂയംകുട്ടിയിലും മൂന്നാറിലുമെല്ലാം അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രായം വകവയ്ക്കാതെ മല കയറിയും മൂന്നാറില്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പൊമ്പിളൈ സമര പന്തലില്‍ നേരിട്ടെത്തി കുത്തിയിരുപ്പ് സമരം നടത്തിയുമൊക്കെ രാഷ്ട്രീയ കേരളത്തിന് വിസ്മയമായ വി.എസിന് വെള്ളിയാഴ്ചയാണ് 94 വയസ്സ് തികഞ്ഞത്.
രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണക്കാരനായാലും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി.എസ് ഇപ്പോഴും തിരഞ്ഞെടുപ്പു വേദികളില്‍ പോലും സിംഹഗര്‍ജ്ജനമാകുന്നത്.
കേഡര്‍ പാര്‍ട്ടിയായ സി.പി.എം നിരവധി തവണ ഈ മുതിര്‍ന്ന കമ്യൂണിസ്റ്റിനെതിരെ അച്ചടക്കനടപടി എടുത്തിട്ടുണ്ടെങ്കിലും നടപടി ഉള്‍ക്കൊണ്ട് ചെങ്കൊടിക്ക് കീഴില്‍ നില്‍ക്കാന്‍ തന്നെയാണ് വി.എസ് എന്നും താല്‍പ്പര്യപ്പെട്ടിരുന്നത്.
രാഷ്ട്രീയപാര്‍ട്ടികള്‍ അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി വിട്ടു പോകുന്ന നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തിലാണ് വി.എസ് എന്ന കമ്യൂണിസ്റ്റ് വ്യത്യസ്തനാകുന്നത്.
താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നാണ് അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി.എസ് മുന്‍പ് മറുപടി നല്‍കിയിരുന്നത്.
‘ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും’ ഇതാണ് വി.എസിന്റെ ഉറച്ച നിലപാട്.
വി.എസ്. അച്യുതാനന്ദന്റെ ആത്മകഥയായ സമരംതന്നെ ജീവിതത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നപ്പോള്‍ പുസ്തകം പ്രകാശനം ചെയ്യാനെത്തിയ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വിഎസിനോടു ചോദിച്ചു – ‘ജീവിതം തന്നെ സമരമെങ്കില്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെ സമരം ചെയ്യും’. ഈ ചോദ്യത്തിന് മുഖ്യമന്ത്രിയായ ശേഷവും ഇപ്പോള്‍ ഭരണപരിഷ്‌കാര അധ്യക്ഷ കസേരയില്‍ ഇരിക്കുമ്പോഴും ‘സമരം’ ചെയ്താണ് വിഎസ് മറുപടി നല്‍കുന്നത്.
ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്‌ടോബര്‍ 20നാണ് ഈ വിപ്ലവകാരിയുടെ ജനനം.
വിഎസിനു നാലരവയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നാലെ അച്ഛനും. പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം. കുടുംബം പോറ്റാനായി സ്‌കൂള്‍ ഉപേക്ഷിച്ചു ജ്യേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായി കൂടി. കയര്‍ ഫാക്ടി തൊഴിലാളിയായി ജോലി ചെയ്യവെ പി. കൃഷ്ണപിള്ള കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചു. അന്നു തുടങ്ങിയതാണു വിഎസിന്റെ പോരാട്ടങ്ങള്‍.
1952ല്‍ പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി. 1956 മുതല്‍ ജില്ലാ സെക്രട്ടറി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം. 1967 ജൂലൈ 18നായിരുന്നു വിവാഹം. ചേര്‍ത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മയായിരുന്നു വധു. പാര്‍ട്ടി നേതാവ് എന്‍. സുഗതന്റെ നിര്‍ബന്ധപ്രകാരം 43ാം വയസിലായിരുന്നു വിവാഹം.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷനല്‍ കൗണ്‍സിലില്‍നിന്നു 1964ല്‍ ഇറങ്ങിവന്ന 32 പേരില്‍ ജീവിച്ചിരിക്കുന്നത് വിഎസ് മാത്രമാണ്. എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചു. അഞ്ചു പ്രാവശ്യം ജയിച്ചു. രണ്ടു തവണ പ്രതിപക്ഷ നേതാവായി. ഇടതുമുന്നണി കണ്‍വീനറായി മുന്നണിയെ നയിച്ചു.
ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.