വി.എസിന്റെ കുടുംബം വനിതാ മതിലിൽ പങ്കെടുക്കുമോ ? ഉറ്റുനോക്കി കേരളം . . .

നിതാമതിലിൽ സഖാവ് വി എസിന്റെ കുടുംബം പങ്കെടുക്കുമോ ? രാഷ്ട്രീയ കേരളത്തിൽ ഇപ്പോൾ വ്യാപകമായി ഉയരുന്ന ചോദ്യമാണിത്.

പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും പൊതു സമൂഹവും ഈ ചോദ്യത്തിന് ജനുവരി ഒന്നിന് എന്ത് മറുപടിയാണ് കിട്ടുക എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

സാമുദായിക സംഘടനകളെ കൂടെ കൂട്ടിയാൽ നവോത്ഥാനം സാധ്യമല്ലന്നതാണ് വി.എസ് അച്ചുതാനന്ദന്റെ നിലപാട്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെളളാപ്പളളി നടേശനെതിരെ പോരാടുന്ന വി.എസിന് ഈ സാമുദായിക നേതാവ് സംഘാടക സമിതി തലപ്പത്ത് വന്നതാണ് ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

നവോത്ഥാന പ്രവർത്തനങ്ങളിൽ ജാതി സംഘടനകളെ കൂടെ കൂട്ടുന്നത് പാർട്ടി നയങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് സി.പി.എം കേന്ദ്ര കമ്മറ്റിക്കു നൽകിയ പരാതിയിൽ വി.എസ് ചൂണ്ടി കാണിച്ചിരുന്നത്. എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും മറ്റ് ജാതി സംഘടനകളും കേരളത്തിൽ സ്ത്രീകളുടെ മതിൽ തീർക്കാൻ ഇടതുപക്ഷത്തിന് ആവശ്യമില്ലന്ന നിലപാടിലാണ് വി.എസ്. ഇതു സംബന്ധമായി അദ്ദേഹം പരസ്യമായി നടത്തിയ പ്രതികരണം സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു.

അതേ സമയം വി.എസിന്റെ ഈ ആവശ്യങ്ങൾ എല്ലാം തള്ളിക്കളയുന്ന നിലപാടാണ് സി.പി.എം കേന്ദ്ര കമ്മറ്റി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. വർഗസമരമല്ലങ്കിലും വർഗീയതക്കെതിരായ സമരമാണ് വനിതാ മതിലെന്നാണ് സി.പി.എം വിലയിരുത്തൽ. പാർട്ടി വർഗ്ഗ ബഹുജന സംഘടനകൾക്കും വനിതാ മതിൽ വിജയിപ്പിക്കാൻ സി.പി.എം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വനിതാ മതിൽ തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും എൻ.എസ്.എസും അവയുടെ പോഷക സംഘടനകളും പരസ്യമായി രംഗത്തിറങ്ങിയതോടെ വാശിയേറിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഇപ്പോൾ ഇരു വിഭാഗവും നടത്തി വരുന്നത്.

സി.പി.എമ്മിന്റെയും വർഗ്ഗ ബഹുജന സംഘടനകളുടെയും സകല ശക്തിയും ഉപയോഗിച്ചാണ് വനിതാ മതിൽ വിജയിപ്പിക്കാൻ പ്രവർത്തനം നടത്തുന്നത്. സർക്കാർ തന്നെ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർക്ക് ചുമതല നൽകി പ്രത്യേക നിർദ്ദേശങ്ങൾ നൽകി വരികയാണ്. 30 ലക്ഷത്തിലധികം വനിതകൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മതിലിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് പ്രധാനമായും അണിയറയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രതിപക്ഷമാകട്ടെ സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും വനിതാ മതിലിൽ കണ്ണികളാവാതിരിക്കാൻ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായാണ് മതിൽ പൊളിക്കാൻ ശ്രമിക്കുന്നത്.

സി.പി.എം സ്ഥാപക നേതാവ് വി.എസിനെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത വർഗ്ഗീയ മതിലിനെ കേരളം തള്ളണമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രചരണ തന്ത്രം. നടി മഞ്ജുവാര്യർ വനിതാ മതിലിന് ആദ്യം നൽകിയ പിന്തുണ പിൻവലിച്ചതും പ്രതിപക്ഷം ശരിക്കും ഉപയോഗിക്കുന്നുണ്ട്.

എന്നാൽ വി.എസിന്റെ അഭിപ്രായ പ്രകടനത്തെ അവഗണിച്ചെങ്കിലും അദ്ദേഹത്തെ പ്രകോപിപ്പിക്കേണ്ടതില്ലന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.

എന്നാൽ പാർട്ടി തീരുമാനം വനിതാ മതിൽ വിജയിപ്പിക്കാൻ ആയതിനാൽ ഒടുവിൽ വി.എസിന്റെ കുടുംബവും എത്തുമെന്ന് തന്നെയാണ് സി.പി.എം അണികൾ വിശ്വസിക്കുന്നത്. മറിച്ചായാൽ അതും രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്നതിനാൽ വി.എസിന്റെ കുടുംബത്തിനു മേൽ പരിപാടിയിൽ പങ്കെടുക്കാൻ സി.പി.എം നേതാക്കൾ തന്നെ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

വി.എസിന്റെ ഭാര്യ ,മകൾ, മകന്റെ ഭാര്യ എന്നിവർ വനിതാ മതിലിൽ പങ്കെടുക്കണമെന്നതാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ താൽപ്പര്യം.

Top