തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം വേണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് വി.എസ് തന്റെ ആവശ്യം ഉന്നയിച്ചത്.നിലവില്‍ സംസ്ഥാന ഘടകത്തില്‍ വി.എസ് അംഗമല്ല.
വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന നേതൃത്വവും പരസ്പരം ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുന്ന പി.ബി കമ്മിഷന്‍ റിപ്പോര്‍ട്ട് അടക്കം നിര്‍ണായകമായ സംഘടനാവിഷയങ്ങള്‍ ഇന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് വി.എസ് യെച്ചൂരിയെ കണ്ടത്.
2015ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ചാണ് തന്നെ സംസ്ഥാന ഘടകത്തില്‍ നിന്ന് നീക്കിയതെന്ന് വി.എസ് പറഞ്ഞു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം ആയിട്ടും, സംസ്ഥാനത്ത് തന്റെ ഘടകം നിശ്ചയിക്കുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണ്.
സി.പി.എം രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ തന്നോട് ഇത്തരമൊരു സമീപനം സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതിലുള്ള അതൃപ്തിയും വി.എസ് യെച്ചൂരിയെ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തന്റെ ഘടകം തീരുമാനിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.