തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി രംഗത്ത്.
വി.എസ് അച്യുതാനന്ദന്‍ അനിശ്ചിതകാല നിരാഹാരം സമരക്കാരോടൊപ്പം തുടങ്ങുമെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്‌നം പെട്ടെന്ന് തന്നെ ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച വി.എസുമായി ടെലിഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനൗപചാരിക ചര്‍ച്ച രാത്രി തന്നെ തുടങ്ങുമെന്നും നാളത്തോടെ അനുകൂലമായ തീരുമാനമെടുക്കുമെന്നും വി.എസിന് ഉറപ്പ് നല്‍കുകയായിരുന്നു.
വി.എസ് നിരാഹാരം തുടങ്ങിയാല്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രത്യേകിച്ച് സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതു സംഘടനകള്‍ തെരുവിലിറങ്ങിയിരിക്കെ വി.എസ് നിരാഹാരം തുടങ്ങിയാല്‍ പ്രവര്‍ത്തകര്‍ അക്രമാസക്തമാകുമെന്നും ജനങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നും യുഡിഎഫ് നേതൃത്വം ഭയപ്പെടുന്നുണ്ട്.
രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളും അമ്മമാരും സെക്രട്ടേറിയറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.