തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്ന ജിജി തോംസണിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ജിജി തോംസണ്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്യാബിനറ്റ് പദവിയും ഉയര്‍ന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി തോന്നിയപടി നിയമനം നല്‍കിയത് ശരിയല്ല. ധൂര്‍ത്തപുത്രനെപ്പോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓരോന്നു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇനി ഈ മന്ത്രിസഭയ്ക്ക് നയപരമായ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല. ഒരു പദ്ധതിയും ആവിഷ്‌കരിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ജിജി തോംസണ്‍ എന്ത് ഉപദേശമാണ് മുഖ്യമന്ത്രിക്ക് നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശമാണ് ജിജി തോംസണിന് മുഖ്യമന്ത്രിക്ക് നല്‍കനാവുക. സ്വന്തം ശിങ്കിടികളായ ചിലരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അഡിഷണല്‍ ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും എണ്ണം തോന്നുംപടി കൂട്ടി ആ സ്ഥാനങ്ങളുടെ ഗൗരവം തന്നെ ഉമ്മന്‍ ചാണ്ടി കളഞ്ഞു കുളിച്ചെന്നും വി.എസ് കുറ്റപ്പെടുത്തി.