vs achuthanandan-karunanidhi-93 old-indian- politicians

ചെന്നൈ: ഒരേ പ്രായം, നിലപാടുകളില്‍ നിരീശ്വര വാദത്തിന്റെ കാര്യത്തില്‍ ഒറ്റ മനസ്… കലൈഞ്ജര്‍ കരുണാനിധിയും വിഎസ് അച്യുതാനന്ദനും തമ്മില്‍ സാമ്യത ഏറെയാണ്.

ഒരേ സമയം നടക്കുന്ന തമിഴ്‌നാട്-കേരള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന്റെ നായകരാണ് ഇരുവരും.

ഡിഎംകെയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ കരുണാനിധി മുഖ്യമന്ത്രി ജയലളിതക്കെതിരായ അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ സിപിഎമ്മിന്റെ സ്ഥാപകനേതാവായ വിഎസ് ഇവിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കുന്തമുനക്ക് മൂര്‍ച്ച കൂട്ടുകയാണ്.

ഡിഎംകെ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ കരുണാനിധി മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ എന്തായാലും തമിഴകത്ത് സംശയങ്ങളില്ല.

മക്കള്‍ പോരും ഗ്രൂപ്പിസവും കൊണ്ട് കേഡര്‍ സ്വഭാവം നഷ്ടപ്പെട്ട പാര്‍ട്ടിയില്‍ പക്ഷേ കരുണാനിധിയുടെ വാക്കിന് മറുവാക്കില്ല.

എന്നാല്‍ വിഎസിന്റെ കാര്യത്തില്‍ കേരളത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മലമ്പുഴയില്‍ നിന്ന് വിഎസും ധര്‍മ്മടത്തു നിന്ന് പിണറായിയും മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ അവ്യക്തത സിപിഎം അണികള്‍ക്കിടയില്‍ പോലുമുണ്ട്.

ആറാംവട്ടം തമിഴകത്തിന്റെ മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നവുമായാണ് പുരട്ചി തലൈവി മുഖ്യമന്ത്രി ജയലളിതയെ കരുണാനിധി നേരിടാനൊരുങ്ങുന്നത്.

വിഎസ് ആവട്ടെ രണ്ടാമൂഴം പ്രതീക്ഷിച്ചാണ് രംഗത്തിറങ്ങുന്നത്.

ജനങ്ങളുടെ പിന്‍തുണയുടെ കാര്യത്തിലും ക്ലീന്‍ ഇമേജിന്റെ കാര്യത്തിലും പക്ഷേ കലൈഞ്ജര്‍ വിഎസിനേക്കാള്‍ ബഹുദൂരം പിറകിലാണ്.

തമിഴകത്ത് സ്വന്തമായ ഒരു ഇരിപ്പിടം കരുണാനിധിക്കുണ്ടെങ്കിലും അത് അഴിമതി വിരുദ്ധപോരാട്ടങ്ങള്‍ നടത്തിയതിനോ, ത്യാഗനിര്‍ഭരമായ ജീവിതം നയിച്ചതിനോ അല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

നേട്ടങ്ങള്‍ വാരിക്കോരി നല്‍കിയ ഭരണകാലത്ത് പോലും അഴിമതി ആരോപണങ്ങള്‍ കരുണാനിധിയെ വിടാതെ പിന്‍തുടര്‍ന്നിരുന്നു.

1957ല്‍ കരൂര്‍ ജില്ലയിലെ കുഴിത്തലയില്‍ നിന്നാണ് കലൈഞ്ജരുടെ ആദ്യനിയമസഭാ പോരാട്ടം. 1962ല്‍ തഞ്ചാവൂരിലേക്ക് കളം മാറ്റി.

വിഎസ് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ഒടുവില്‍ കളം മലമ്പുഴയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല ലോകരാഷ്ട്രീയത്തില്‍ തന്നെ 93-ാം വയസിലും സജീവമായി മുന്‍നിരയിലുള്ള രണ്ട് നേതാക്കള്‍ ഒരു പക്ഷേ വിഎസും കലൈഞ്ജറും മാത്രമായിരിക്കും.

കരുണാനിധിക്ക് പുറം ലോകം ദര്‍ശിക്കാന്‍ വീല്‍ചെയറിന്റെ ആവശ്യം അനിവാര്യമാണെങ്കില്‍ വിഎസ് അതില്‍ നിന്ന് വ്യത്യസ്തനാണ്. 93-ാം വയസിലും ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ കാടിളക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിഎസ് പിന്‍തുടരുന്നത്.

ആരോഗ്യത്തിന്റെ കാര്യത്തിലും പ്രതിച്ഛായയുടെ കാര്യത്തിലും ഇവരില്‍ കേമനും വിഎസ് തന്നെ.

Top