VS Achuthanandan must comeback

ഖാവ് വിഎസ് അച്യുതാനന്ദന്‍ മൗനം വെടിഞ്ഞ് കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകണം. രാഷ്ട്രീയ കേരളം അതാണ് ആഗ്രഹിക്കുന്നത്.

താങ്കളുടെ വാക്കിന് വില കല്‍പ്പിക്കാന്‍ ഒരു അധികാര കസേരയുടെയും പിന്‍ബലം പ്രബുദ്ധരായ കേരള ജനതയ്ക്ക് ആവശ്യമില്ല. അഴിമതിക്കും അനീതിക്കുമെതിരെ താങ്കള്‍ നടത്തിയ പോരാട്ടം രാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹത്തിന്റെ മനസ്സില്‍ എത്രയോ മുന്‍പ് തന്നെ പതിഞ്ഞിട്ടുള്ളതാണ്.

ഇടതുപക്ഷത്തിന് അധികാരം ഉറപ്പ് വരുത്തുന്നതിനും രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുന്നതിനുമായി വിഎസ് തുടങ്ങിയ ഫെയ്‌സ് ബുക്ക് അക്കൗണ്ടിന് രണ്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചത് ചരിത്രമാണ്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനാവാത്ത ചരിത്രം.

പ്രതികരണ ശേഷിയുള്ള ജനസമൂഹത്തിന്റെ നാവായിമാറിയ വിഎസിന്റെ ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ വിഎസ് തയ്യാറാകണം. ഇക്കാര്യത്തില്‍ അദ്ദേഹത്തോടൊപ്പമുള്ളവര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ‘ബ്ലോക്കായത്’ സംബന്ധിച്ച് പുറത്ത് നല്‍കുന്ന വിശദീകരണം എന്തായാലും തൃപ്തികരമല്ല.

വിഎസിന്റെ പിന്മാറ്റം എന്തിന്റെ പേരിലായാലും അത് അംഗീകരിക്കാന്‍ കഴിയുന്നതുമല്ല.

കമ്യൂണിസ്റ്റുകാരനെന്ന് കേട്ടാല്‍ തല്ലികൊല്ലുന്ന കാലത്ത് ചെങ്കൊടി പിടിച്ച് പോരാട്ടം നടത്തിയ വിഎസിനെ അധികാര മോഹിയായി ഏത് കേന്ദ്രങ്ങള്‍ ചിത്രീകരിച്ചാലും അത് സാമാന്യയുക്തിക്ക് നിരക്കാത്തതാണ്.

ഇനി വിഎസ് പാര്‍ട്ടിയിലും സര്‍ക്കാരിന്റെ തലപ്പത്തും എന്തെങ്കിലും സ്ഥാനങ്ങള്‍ ആഗ്രഹിച്ചാല്‍ പോലും അത് അദ്ദേഹത്തിന്റെ അവകാശം കൂടിയാണ്.

93ാം വയസ്സില്‍ സിപിഎമ്മിന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനും സംസ്ഥാനത്താകമാനം പ്രചാരണ നായകനാക്കുന്നതിനും പ്രായം തടസ്സമല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കും അത് തടസ്സമാവരുത്.

ആര് മുഖ്യമന്ത്രിയാകണം… പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരണം… സര്‍ക്കാര്‍ ഉപദേശകന്‍ വേണോ, എന്നീ കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കേണ്ടത് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയുമാണ്. പക്ഷേ, ഇപ്പോള്‍ വിഎസിന് മുന്നില്‍ നിരത്തുന്ന വാദങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പാണ് നിരത്തുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ചിന്തിച്ചിട്ട് വേണം ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍…

എത്ര വലിയ ഉന്നതനായാലും സ്ഥാനമാനങ്ങള്‍ ഇല്ലാതിരുന്നാല്‍ മാധ്യമങ്ങള്‍ പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ മുഖം തിരിക്കുന്ന കാലത്ത് വിഎസ് ഒരു പദവി ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് സമൂഹത്തിന് വേണ്ടിയാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ഇടതുമുന്നണി നേതൃത്വം കാണിക്കണം.

ഇനി വിഎസിനോടായി ഒരു വാക്ക്…..

താങ്കള്‍, പ്രവര്‍ത്തനരഹിതമായ ഫെയ്‌സ്ബുക്ക് പേജ് വീണ്ടും സജീവമാക്കാന്‍ നിര്‍ദ്ദേശം കൊടുക്കുക…

മാധ്യമ അവസരവാദികളുടെ നിലപാടുകള്‍ തൃണവല്‍ക്കരിച്ച് മുന്നോട്ട് പോവുക. താങ്കളെ കേള്‍ക്കാന്‍ ഫെയ്‌സ് ബുക്കിന്റെ അനന്ത സാധ്യതയില്‍ ലക്ഷക്കണക്കിന് പേരുണ്ട്…

ന്യൂസ് ചാനലുകള്‍ കാണുന്നതിലും പത്രങ്ങള്‍ വായിക്കുന്നതിലും എത്രയോ ഇരട്ടിയിലധികം വരുമത്…

അവര്‍ നിങ്ങളുമായി സംവദിക്കും….മുഖം തിരിക്കുന്ന കച്ചവട മാധ്യമങ്ങള്‍ക്കും പിന്നീട് പിന്നാലെ വരേണ്ടിവരും…അതാണ് സോഷ്യല്‍ മീഡിയയുടെ കരുത്ത്…

ആ കരുത്തിന്റെ ശക്തികൂടിയാണ് തിരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ പ്രയോജനപ്പെടുത്തിയത്.

സോഷ്യല്‍മീഡിയയുടെ പിന്‍ബലം തിളക്കമാര്‍ന്ന വിജയം നേടാന്‍ ഇടതുപക്ഷത്തെ സഹായിച്ചുവെന്നത് മുഖ്യമന്ത്രി അടക്കം പരസ്യമായി അംഗീകരിച്ച കാര്യവുമാണ്…

കരുത്തുറ്റ ഒരു ഭരണനേതൃത്വത്തിന് അനുഭവ സമ്പത്തുള്ള ഒരു വഴികാട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ എന്തായാലും പൊതു സമൂഹത്തിന് ഗുണം മാത്രമേ നല്‍കുകയുള്ളു. ഈ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പാതയില്‍ വഴിവിളക്കായി വിഎസിനെ പോലെയുള്ള ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റിന്റെ സാന്നിധ്യം ഇടതുപക്ഷ അണികള്‍ മാത്രമല്ല ആഗ്രഹിക്കുന്നത്.

അധികാര വര്‍ഗ്ഗത്തിന്റെ നല്ല തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ ജനഹിതത്തിനെതിരായ തീരുമാനങ്ങളെ എതിര്‍ക്കേണ്ടതും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കര്‍ത്തവ്യമാണ്….

Team Express Kerala

Top