തിരുവനന്തപുരം: സംസ്ഥാന വ്യാപകമായ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിണറായി വിജയന്‍ മലമ്പുഴയിലും വിഎസ് ധര്‍മ്മടത്തും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിഎസ്-പിണറായി ഭിന്നതകള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന യുഡിഎഫിനും ബിജെപിക്കും ചുട്ടമറുപടി നല്‍കാനാണ് ഇരു കമ്മ്യൂണിസ്റ്റ് നേതാക്കളും തങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പരസ്പരം മാറി പ്രചരണത്തിനെത്തുന്നത്.
ഇടതുമുന്നണി അണികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതോടൊപ്പം പൊതുസമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കാനും ഈ പ്രചാരണ യോഗങ്ങള്‍ വേദിയാക്കി മാറ്റാനാണ് തീരുമാനം.
കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ശക്തമായ കാമ്പയിന്‍ നടത്തുന്നതോടൊപ്പം ബിഡിജെഎസ്-മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാടുകളും ചോദ്യം ചെയ്യും.
അഴിമതി തന്നെയാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചരണായുധം. ഓരോ മണ്ഡലത്തിലെയും പ്രാദേശിക പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.
പ്രചരണത്തിന്റെ രണ്ടാംഘട്ടം മുതല്‍ യുഡിഎഫിനെയും ബിജെപിയേയും പ്രതിരോധത്തിലാക്കുന്ന പ്രചാരണ പരിപാടികള്‍ക്കാണ് ഇടതുമുന്നണി രൂപം നല്‍കിയിരിക്കുന്നത്.
കൂടുതല്‍ അഴിമതി കഥകള്‍ ഇനിയും പുറത്തു വരാനുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
എതിരാളികള്‍ പ്രകോപനമുണ്ടാക്കിയാല്‍ പോലും പാര്‍ട്ടിയുടെ ഭാഗത്ത്‌നിന്ന് ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്ന നിര്‍ദ്ദേശം സിപിഎം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്.
നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പായതിനാല്‍ ഒരു വിഭാഗത്തെയും പിണക്കരുതെന്നും ജാഗ്രതയോടു കൂടിയുള്ള നീക്കങ്ങള്‍ ഉണ്ടാവണമെന്നുമാണ് നിര്‍ദ്ദേശം.
വിഎസും പിണറായിയും കോടിയേരിയും രണ്ടാംഘട്ട പ്രചരണത്തില്‍ സജീവമാകുന്നതോടെ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇടത് നേതൃത്വം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡി രാജ,ആനി രാജ തുടങ്ങിയ ദേശീയ നേതാക്കളും ഇടത് പ്രചരണത്തിനായെത്തും.
സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖരെ പ്രചരണത്തിനിറക്കാനും ഇടത് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.