ഹരീഷ് സംഘപരിവാര്‍ ശക്തികളുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കരുതെന്ന് വി.എസ്

തിരുവനന്തപുരം : എസ്. ഹരീഷിന്റെ നോവല്‍ ‘മീശ’ പിന്‍വലിച്ച തീരുമാനത്തിനെതിരേ വി.എസ്.അച്യുതാനന്ദന്‍. തീരുമാനം പുനപരിശോധിക്കണമെന്നും സംഘപരിവാര്‍ ശക്തികളുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കരുതെന്നും വി.എസ് പറഞ്ഞു. വെറുപ്പിനും അസഹിഷ്ണുതയ്ക്കുമെതിരെ എല്ലാ പുരോഗമന ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീശ നോവല്‍ പ്രസിദ്ധികരണം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് ആഴ്ച്ചപതിപ്പില്‍നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു

കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ മാത്രമാണ് ആഴ്ചപ്പതിപ്പില്‍ ഇതുവരെ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് മീശ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ചെറുകഥാസമാഹാരമായ ആദത്തിന് ശേഷം ഹരീഷ് രചിക്കുന്ന ആദ്യ നോവലാണ് മീശ.

Top