തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടെന്ന് പോലീസ്.
സോളാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് തമ്പാനൂര്‍ രവി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
തമ്പാനൂര്‍ രവി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശബ്ദരേഖയില്‍ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്ന് നിയമോപദേശം ലഭിച്ചതിനേത്തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് നിയമോപദേശം തേടിയത്.
കോടതിയിലേക്ക് പോകുമ്പോഴല്ല, അന്വേഷണ കമ്മീഷനില്‍ ഹാജരാകുന്നതിന് മുമ്പാണ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. സംഭാഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല. അതുകൊണ്ട് പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം.
പൊതുപ്രവര്‍ത്തകനായ പി.കെ രാജു ഡിജിപിക്ക് നല്‍കിയ പരാതിയും നേരത്തെ തള്ളിയിരുന്നു.