തിരുവനന്തപുരം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇത്തരം കാര്യങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കുറച്ച് കൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാനാര്‍ത്ഥിക്കെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയുള്ള പ്രവൃത്തിയാണെന്നും വിഎസ് കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദമാക്കുന്നവര്‍ കുഞ്ഞാലിക്കുട്ടിയെയാണ് മോശക്കാരനാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ.വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
അതേസമയം, പ്രസ്താവനയില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.
എ. വിജയരാഘവന്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശം വളച്ചൊടിച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നത്. മണ്ഡലത്തില്‍ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണരംഗത്ത് കാഴ്ചവയ്ക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ തോല്‍പിക്കുന്ന തരത്തില്‍ രമ്യ ഹരിദാസ് മുന്നേറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്തു നിന്നും മോശം പരാമര്‍ശം എത്തുന്നത്.