തിരുവനന്തപുരം: സി.പി.എംന്റെ ഒരു ഘടകത്തിലും അംഗമല്ലങ്കിലും സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ലങ്കിലും കേരളത്തില്‍ ഏറ്റവും അധികം ജനസ്വാധീനമുള്ള നേതാവ് താന്‍ തന്നെയാണെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി വിഎസ്…
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനോടനുബന്ധിച്ച് തലസ്ഥാനത്ത് സി.പി.എം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതുസമ്മേളനമാണ് വി.എസിന്റെ ‘ശക്തി’ പ്രകടനത്തിനും വേദിയായത്.
പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് വി എസ് പൊതുയോഗസ്ഥലത്തേക്ക് പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. എന്നാല്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടതിനനുസരിച്ച് ഒടുവില്‍ അദ്ദേഹം പൊതുസമ്മേളന വേദിയിലെത്തുകയായിരുന്നു.
ഒരു ഒന്നൊന്നര വരവായിരുന്നു അത്. യെച്ചൂരി പ്രസംഗിച്ച് കൊണ്ട് നില്‍ക്കെ ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വി.എസിന്റെ കാര്‍ കണ്ടപ്പോള്‍ തന്നെ സദസ്സ് ഇരമ്പി. കാറില്‍ നിന്നിറങ്ങിയ വി.എസിനെ വന്‍ കയ്യടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് അണികള്‍ വരവേറ്റത്.
സമ്മേളനത്തിനെത്തിയ മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകരണമായിരുന്നു അത്. വേദിയില്‍ കയറി സദസ്സിനു നേരെ കൈ വീശി അഭിവാദ്യം ചെയ്ത ശേഷം വി.എസ് കോടിയേരിക്ക് സമീപം ഇരുന്നു. തുടര്‍ന്ന് യച്ചൂരി പ്രസംഗം പൂര്‍ത്തിയാക്കി കാരാട്ട് പ്രസംഗത്തിലേക്ക് കടന്നതോടെ വി എസ് വേദി വിട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തത് വി.എസ് പങ്കെടുത്ത പൊതുയോഗങ്ങളിലായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയ സി.പി.എം ഒടുവില്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷനായാണ് വി.എസിനെ നിയോഗിച്ചത്.
തന്നെ പാര്‍ട്ടി ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വി.എസ് തന്നെ മുന്നോട്ട് വച്ചിരുന്നെങ്കിലും പി.ബി കമ്മിഷന്‍ വി.എസിന്റെ അച്ചടക്ക നടപടിയെ കുറിച്ച് അന്വേഷണം നടത്തിയതിന്‍മേല്‍ തീരുമാനമാകാത്തതിനാല്‍ പരിഗണിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ ഇന്ന് സമാപിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെ വി.എസ് ‘കുറ്റവിമുക്തനാകുന്ന’ കാഴ്ചയാണ് കേരളം കണ്ടത്.
അച്ചടക്ക നടപടി താക്കീതില്‍ ഒതുക്കിയും കേന്ദ്ര കമ്മറ്റി വി.എസിനെ സംരക്ഷിച്ചു. ഇതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിപിഎമ്മിന്റെ ഒരു ഘടകത്തിലും അംഗമല്ലാതിരുന്ന വി.എസിന് കൂടുതല്‍ ശക്തി ലഭിച്ചിരിക്കുകയാണ്.
നേരത്തെ നിരവധി തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ മെമ്പറായും ഈ വിപ്ലവകാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന സിപിഎമ്മിലെ ഏക സ്ഥാപക നേതാവുമാണ്.