ഭൂപരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം വൈകരുതെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം വൈകരുതെന്ന് വിഎസ് അച്യുതാനന്ദന്‍. വൈകുന്ന ഓരോ നിമിഷവും നമ്മുടെ മണ്ണ് കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് ചെന്നുചേര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

നിയമങ്ങളില്ലാത്തതല്ല, പാലിക്കപ്പെടാത്തതും അട്ടിമറിക്കപ്പെടുന്നതുമാണ് ഭൂമിയുടെ കാര്യത്തില്‍ ഇപ്പോഴത്തെ മുഖ്യ പ്രശ്‌നമെന്നും അതിനുദാഹരണമാണ് കുന്നത്ത്‌നാട് വില്ലേജിലെ അഴിമതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഭൂമിക്ക് വേണ്ടിയുള്ള തീക്ഷ്ണ സമരങ്ങളിലൂടെയാണ് കേരളം ഇന്നത്തെ കേരളമായത്. കുടികിടപ്പവകാശത്തിനു വേണ്ടിയും, കുടിയിറക്കിനെതിരെയും, മിച്ചഭൂമിക്കു വേണ്ടിയുമെല്ലാം സമരങ്ങൾ‍ നടന്നതിന്റെ ഫലമായി, കർഷക കുടിയാൻമാർക്ക് കൃഷിഭൂമി ലഭിക്കുകയും കുടികിടപ്പിൽ‍നിന്ന് ഒഴിഞ്ഞുപോകേണ്ടാത്ത അവസ്ഥ വന്നുചേരുകയുമൊക്കെ ചെയ്ത ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴാണ് ഇവിടെ അവകാശബോധമുള്ള ഒരു ജനതയുണ്ടായതും, നവോത്ഥാനത്തിന് യഥാർത്ഥ ഫലമുണ്ടായതുമെല്ലാം.

എന്നാൽ‍, ഉൽപ്പാദനോപാധി എന്നതിൽ‍നിന്ന് മാറി, ഭൂമിയെ കേവലം പണമിരട്ടിപ്പിനുള്ള മാധ്യമമെന്ന നിലയിലുള്ള ഒരു വ്യാപാരച്ചരക്കായി കാണാൻ‍ തുടങ്ങിയതോടെ, കയ്യേറ്റക്കാരും ഭൂ മാഫിയകളും, കോർപ്പറേറ്റുകളുമെല്ലാം സംഘടിതമായി ഭൂമിയുടെ തരം മാറ്റുകയും, പ്രകൃതിയെയും കൃഷിയെയും മുച്ചൂടും നശിപ്പിക്കുകയും ചെയ്യാനാരംഭിച്ചു.

ഇങ്ങിനെ വ്യാപകമായി കൃഷിഭൂമി തരം മാറ്റുകയും മണ്ണിട്ട് നികത്തുകയും ചെയ്യുന്നു എന്നു വന്നപ്പോഴാണ്, ഇവിടെ നെൽവയൽ‍ നീർത്തട സംരക്ഷണ നിയമം കൊണ്ടുവരേണ്ടിവന്നത്. നിയമങ്ങളില്ലാത്തതല്ല, പാലിക്കപ്പെടാത്തതും അട്ടിമറിക്കപ്പെടുന്നതുമാണ് ഭൂമിയുടെ കാര്യത്തിൽ ഇപ്പോഴത്തെ മുഖ്യ പ്രശ്നം.

കുന്നത്തുനാട് വില്ലേജിൽ നടന്ന നിലം നികത്തൽ‍ പ്രശ്നം ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. 2008ലെ നിയമവും കുറുക്കുവഴികളിലൂടെ മറികടക്കാൻ‍ ശ്രമിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. ആയിരക്കണക്കിന് ഏക്കർ‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നവരും, കായലിലും ഏലപ്പാട്ട ഭൂമിയിലും റിസോർട്ടുകൾ‍ പണിയുന്നവരും നിലവിലുള്ള നിയമങ്ങൾക്കു മേൽ‍ ചവിട്ടി നിന്നാണ് ഇതൊക്കെ ചെയ്യുന്നത്. അനധികൃതമായി ഉദ്യോഗസ്ഥ ഭരണസംവിധാനം മൂലധനശക്തികൾക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്നു. അതേസമയം, വീടില്ലാത്തവരും, തുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ലാത്തവരും ഇനിയും അവശേഷിക്കുമ്പോൾത്തന്നെ, സർക്കാരുകൾ‍ മിച്ചഭൂമി ഇതര ആവശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നു. അതായത്, ഭൂപരിഷ്കരണത്തിന്റെ ഒന്നാംഘട്ടംതന്നെ ഇനിയും പൂർത്തിയായിട്ടില്ല. മിച്ചഭൂമി വിതരണം ബാക്കിയാണ്. അതിനാലാണ്, ഇന്നും ഭൂസമരങ്ങൾ‍ ഉയർന്നുവരുന്നത്.

എന്നാല്‍, ശുഭോദര്‍ക്കമായ ചിലതുകൂടിയുണ്ട്. നീതിന്യായ സംവിധാനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി, അനധികൃത നിര്‍മ്മാണങ്ങളും നിയമലംഘനങ്ങളും നിലനിര്‍ത്തുന്നവര്‍ക്ക് ഇക്കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച, എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്. ഭൂ വിനിയോഗത്തെ സംബന്ധിച്ച ശാസ്ത്രീയമായ കാഴ്ച്ചപ്പാടുകള്‍കൂടി ഉയര്‍ത്തിപ്പിടിച്ചാണ് നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്ന് ആ വിധിന്യായം സാക്ഷ്യപ്പെടുത്തുന്നു.

തുണ്ട് ഭൂമി കൈവശം വന്നവർക്കാവട്ടെ, അതിലെ കൃഷി ഉപജീവനത്തിന് മതിയാവാതെ വരുന്നു. അപ്പോള്‍, അവരതിനെ ഉൽപ്പാദനോപാധിയായി വിനിയോഗിക്കാതിരിക്കുകയും, ചരക്കായി കൈമാറ്റം നടത്തുകയും ചെയ്തുകൊ​ണ്ടിരിക്കുന്നു. ഈ സാഹചര്യത്തെക്കുറിച്ച് ഞാൻ‍ ഇതിനു മുമ്പും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനാൽ, ശാസ്ത്രീയ കൃഷിരീതികൾ‍ വിപുലമായി പ്രയോഗിക്കാൻ‍ കഴിയുംവിധം സഹകരണാടിസ്ഥാനത്തിൽ‍ കാർഷികോൽപ്പാദനം ലാഭകരമായി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. 1964ൽ സി.പി.ഐ (എം) പരിപാടിയിൽ തന്നെ ഇത് വ്യക്തമായി ലക്ഷ്യം വച്ചിരുന്നു. ഭൂ പരിഷ്കരണത്തിന്റെ ഈ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാൻ വൈകുന്ന ഓരോ നിമിഷവും നമ്മുടെ മണ്ണ് കോർപ്പറേറ്റുകളുടെ കൈകളിലേക്ക് ചെന്നുചേർന്നുകൊണ്ടിരിക്കും.

Top