ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ കര്‍മ്മനിരതനായ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിനു മുന്നില്‍ ഒരേയൊരു ഉത്തരമേയൊള്ളൂ അത് 95 വയസ്സുള്ള സഖാവ് വി.എസ് അച്യുതാനന്ദന്‍ ആണ്.
16-ാം വയസ്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നണി പോരാളിയായി കൊടിയ മര്‍ദ്ദനം സഹിച്ച ആ ജീവിത തന്നെ ഒരു സമര ചരിത്രമാണ്.
ആശയപരമായ വിയോജിപ്പ് മുന്‍ നിര്‍ത്തി 1964ല്‍ കമൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപീകരിച്ച 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്. ഈ പൊരുതുന്ന കമ്യൂണിസ്റ്റിന്റെ ശക്തമായ ഇടപെടല്‍ കഴിഞ്ഞ ദിവസവും കേരളം കണ്ടു.
ലൈംഗികാതിക്രമ കേസില്‍ പാര്‍ട്ടി എം.എല്‍.എ പി.കെ ശശിക്ക് ആറുമാസം സസ്പെന്‍ഷന്‍ ലഭിക്കുന്നതിന് നിര്‍ണ്ണായകമായതും വി.എസിന്റെ ഇടപെടല്‍ തന്നെയാണ്.
പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തി ജില്ലാ കമ്മറ്റിയില്‍ നിന്നും തരം താഴ്ത്തല്‍, താക്കീത്, തുടങ്ങിയ നടപടികളും സ്വീകരിക്കാമായിരുന്നിട്ടും സി.പി.എം സസ്പെന്‍ഷന്‍ നടപടി തന്നെ സ്വീകരിച്ചത് മാതൃകാപരമായ നടപടി ആയിട്ടാണ് പൊതു സമൂഹം വിലയിരുത്തുന്നത്.
മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എം.എല്‍.എക്ക് എതിരായിരുന്നു പരാതിയെങ്കില്‍ എന്തായിരുന്നു സംഭവിക്കുക എന്നത് മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ തന്നെ വ്യക്തമാവും. പി.കെ.ശശി എന്നു പറയുന്ന സി.പി.എം നേതാവിനെ കേവലം ഒരു എം.എല്‍.എ മാത്രമായി കാണാന്‍ പറ്റില്ല. സി.പി.എം വിഭാഗീയത നിലനിന്ന സമയത്ത് ഒറ്റയ്ക്ക് എതിര്‍ വിഭാഗത്തോട് പോരടിച്ച ചങ്കൂറ്റമുള്ള നേതാവ് തന്നെയാണ് ശശി.
പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയും എതിര്‍ശബ്ദങ്ങള്‍ക്കെതിരെ ശക്തമായി പോരാടുകയും ചെയ്ത ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും കൈവിട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചു കഴിഞ്ഞു. സി പി.എമ്മിനു മാത്രം സ്വീകരിക്കാന്‍ കഴിയുന്ന അച്ചടക്ക നടപടിയാണിത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും മുന്‍പ് തന്നെ സി.പി.എം കേന്ദ്ര കമ്മറ്റിക്ക് വി.എസ് അച്യുതാനന്ദന്‍ പരാതി നല്‍കിയത് നടപടി ലഘൂകരിപ്പിക്കാന്‍ ശശി നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്ക് തടയിടാനും ഒരു പ്രധാന കാരണമായി.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്നും 6 മാസത്തേക്ക് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചു എന്നാണ് പത്രകുറുപ്പില്‍ സി.പി.എം സംസ്ഥാന കമ്മറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി ഏറെ വിവാദം ഉയര്‍ന്നിട്ടും പാര്‍ട്ടിക്ക് അപ്പുറം പൊലീസില്‍ പരാതി നല്‍കാതിരുന്നത് പാര്‍ട്ടി നീതിയില്‍ വിശ്വാസമുള്ളത് കൊണ്ടാണെന്നും ആ നീതി ഇപ്പോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി