VS Achuthanathan – udf government – Liquor policy

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വി.എസ് വിമര്‍ശിച്ചത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആറ് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ അത്ഭുതമില്ല. ജനവഞ്ചനയുടെ കറുത്ത അധ്യായമാണ് യുഡിഎഫ് മദ്യനയം.

കള്ളഷാപ്പുകള്‍ ലേലം വിളിച്ച് നല്‍കിയതുപോലെ കോടിക്കണക്കിന് രൂപ കോഴ വാങ്ങി നാടെങ്ങും ബാറുകള്‍ അനുവദിച്ച നയമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തത് മുതല്‍ ബാറുകള്‍ പൂട്ടാതിരിക്കാന്‍ കോഴ ചോദിച്ച് ബ്ലാക്‌മെയില്‍ തുടങ്ങിയിരുന്നു. അതിനിടയില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആദര്‍ശത്തിന്റെ പൊയ്മുഖമായി ബദല്‍ ബ്ലാക് മെയില്‍ തുടങ്ങി.

ഇതിനിടെ ചില ബാറുകള്‍ തുറക്കാനും മറ്റു ചിലത് തുറക്കാതിരിക്കാനും കെ.എം.മാണി നോട്ടെണ്ണല്‍ മെഷീന്‍ വച്ച് കോഴ വാങ്ങി. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും എന്നിട്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ വായ്ത്താരിയെന്നും വി.എസ് പരിഹസിച്ചു.

Top