VS against Oommen Chandy

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ ശ്വാസം മുട്ടിച്ച് കമ്മീഷനെത്തന്നെ ഇല്ലാതാക്കാനും കേസില്‍ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി എന്തൊക്കെ കുറുക്കന്‍ കൗശലങ്ങള്‍ പ്രയോഗിച്ചാലും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

കമ്മീഷന്‍ തന്നെ മുന്‍കൈ എടുത്ത് മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പു പറയാന്‍ തയ്യാറാകണം. അന്വേഷണം അട്ടിമറിക്കാനും സത്യം പുറത്തു വരാതിരിക്കാനുമുള്ള ഗൂഢതന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നതെന്നും വിഎസ് ആരോപിച്ചു.

ഇതിന്റെ ഭാഗമായാണ് രണ്ടാം പ്രതി സരിത എസ്.നായര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാതിരിക്കുന്നത്. നേരത്തെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ ഹാജരാകുന്നതും സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. പിന്നീട് കമ്മീഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ബിജുവിനെ ജയിലധികൃതര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ പി.എ.മാധവന്‍ എം.എല്‍.എ ഹാജരാകാതിരിക്കുന്നതിനു പിന്നിലും മുഖ്യമന്ത്രിയുടെ കൈകളാണെന്നും വി.എസ് ചൂണ്ടിക്കാണിച്ചു.

Top