തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ പ്രസിഡന്റ് സോളമന്‍ അലക്‌സിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ദീര്‍ഘനാളായി സംസ്ഥാന ബാങ്കില്‍ കുടിശ്ശികയുള്ള നെയ്യാറ്റിന്‍കര ബാങ്കിന് 13 കോടിയില്‍പ്പരം രൂപ വഴിവിട്ട് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് നല്‍കുകയായിരുന്നു. ഇതില്‍ ആറര കോടി രൂപ എട്ടുവര്‍ഷം കൊണ്ട് തിരിച്ചടയ്‌ക്കേണ്ട പലിശരഹിത വായ്പയാണ്.
സോളമന്‍ അലക്‌സിന്റെ പ്രസിഡന്റുസ്ഥാനം നിലനിറുത്താന്‍ വേണ്ടിയാണ് നെയ്യാറ്റിനകര ബാങ്കിന് വഴിവിട്ട ഈ സഹായം ചെയ്തത്.ഈ നടപടി മൂലം സംസ്ഥാന ബാങ്കിന് രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സോളമന്‍ അലക്‌സിന്റെ ഈ നടപടി അധികാര ദുര്‍വിനിയോഗമാണ്. സമാനമായ രീതിയില്‍ പത്തനംതിട്ടയില്‍ സംസ്ഥാന കാര്‍ഷിക വികസനബാങ്കിന് റീജിയണല്‍ ഓഫീസിന് കെട്ടിടം നിര്‍മിക്കുന്നതിനു വേണ്ടി വ്യാജരേഖയുണ്ടാക്കി ഇരട്ടി വിലയ്ക്ക് സ്ഥലം വാങ്ങിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി.
ഇത്തരത്തില്‍ ബാങ്കിനു നഷ്ടമുണ്ടാക്കിയ ഭരണസമിതിക്കെതിരെ സര്‍ച്ചാര്‍ജ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. ഇതുവഴി ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കണം.
എംഡി തസ്തികയടക്കം ഒഴിച്ചിട്ട് പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ പിന്‍വാതില്‍ നിയമനവും അഴിമതിയും അവസാനിപ്പിക്കാന്‍ സഹകരണവകുപ്പ് സെക്രട്ടറിയുടെയും രജിസ്ട്രാറുടെയും ഇടപെടലുണ്ടാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.