പാലക്കാട്: തീ പാറുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മലമ്പുഴയില്‍ മത്സരം ഇടതുപക്ഷവും ബിജെപിയും നേരിട്ട് !
ഇപ്പോള്‍ മണ്ഡലത്തില്‍ കാണുന്ന കാഴ്ച പ്രചരണരംഗത്ത് ബഹുദൂരം മുന്നിലായ പ്രതിപക്ഷ നേതാവിന് പിന്നാലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറാണ് എന്നതാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ജോയിയെ മറികടന്ന പ്രകടനമാണ് കൃഷ്ണകുമാര്‍ മലമ്പുഴയില്‍ കാഴ്ച വയ്ക്കുന്നത്.
കഴിഞ്ഞ തവണ 23,440 വോട്ടിനാണ് മലമ്പുഴയില്‍ നിന്ന് വിഎസ് വിജയിച്ചത്. ഈ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുന്നപ്ര സമരനായകനു വേണ്ടി ഇടത് മുന്നണി അണികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
യുഡിഎഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയെ രംഗത്തിറക്കിയാണ് പരീക്ഷണത്തിനിറങ്ങിയതെങ്കില്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയാണ് കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മലമ്പുഴയില്‍ രംഗപ്രവേശനം ചെയ്തത്.
പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാറിന് പാലക്കാട് മണ്ഡലം നല്‍കാതിരുന്നതിന്റെ പേരില്‍ ബിജെപിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ സംഘ്പരിവാര്‍ നേതാവാണ് ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാര്‍.
അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടാണ് കൃഷ്ണകുമാറിനെ മലമ്പുഴയില്‍ നിയോഗിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 26,000 വോട്ടാണ് ഇവിടെ ബിജെപി മുന്നണി നേടിയത്. ഇത് ഇത്തവണ 35,000 മുതല്‍ 40,000 വരെയാവുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.
കഴിഞ്ഞ തവണ ഇടത് പക്ഷം 77,000 വോട്ടും യുഡിഎഫ് 49000 ത്തോളം വോട്ടുമാണ് മണ്ഡലത്തില്‍ നേടിയത്.
ഇത്തവണ ഇടത്-വലത് മുന്നണികളില്‍ വന്‍ തോതില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നും അത് കൃഷ്ണകുമാറിന് ഗുണം ചെയ്യുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
വിഎസിന്റെ പരാജയം മാത്രം മുഖ്യ’അജണ്ട’യാക്കിയ വെള്ളാപ്പള്ളിയുടെയും എസ്എന്‍ഡിപി യോഗത്തിന്റെയും ബിഡിജെഎസ് നേതൃത്വത്തിന്റെയും നിലപാട് ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി തിരിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
വിഎസിനെതിരെ ശക്തമായ പ്രചരണമാണ് മണ്ഡലത്തിലുടനീളം എസ് എന്‍ഡിപി യോഗം ശാഖകളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
നിലവില്‍ ബിജെപി മുന്നണിയിലെ ഘടക കക്ഷിയായതിനാല്‍ ബിഡിജെഎസ് വോട്ടുകള്‍ കൃഷ്ണകുമാറിന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
കാര്യങ്ങള്‍ എന്തായാലും നിലവില്‍ വിഎസും കൃഷ്ണകുമാറും നേരിട്ട് ഏറ്റുമുട്ടുന്ന പ്രതീതിയാണ് മണ്ഡലത്തില്‍ ദൃശ്യമാകുന്നത്.
പൊതുസമൂഹത്തിലെ ഇമേജും രാഷ്ട്രീയ പാരമ്പര്യവുമാണ് വിഎസിന്റെ കൈമുതലെങ്കില്‍ പ്രധാനമന്ത്രിയുടെ വരവോടെ ഉയര്‍ന്ന ആവേശവും പാലക്കാട് നഗരസഭയിലെ പ്രഥമ ബിജെപി വൈസ് ചെയര്‍മാനെന്ന പദവിയുമാണ് കൃഷ്ണകുമാറിന്റെ തുറുപ്പുചീട്ട്. യുവവോട്ടര്‍മാരെയാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്.
യുവനേതാവെന്ന പരിഗണനയില്‍ വിജയപ്രതീക്ഷ പുലര്‍ത്തിയാണ് വിഎസ് ജോയിയും വോട്ട് തേടുന്നത്. ഏറ്റവും ഒടുവിലായുണ്ടാകുന്ന ‘അടിയൊഴുക്കുകള്‍’ തനിക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.