ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായപരിധി തടസമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചെൂരി. വിഎസിന്റെ ഊര്‍ജ്ജം മാതൃകാപരമാണ്. താനടക്കമുള്ളവര്‍ അത് കണ്ടുപഠിക്കേണ്ടതാണെന്നും യെച്ചൂരി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ നടത്തിയത് കൂട്ടായ തെരഞ്ഞെടുപ്പ് പ്രചരണമാണ്. പാര്‍ട്ടി താല്‍പര്യം സംരക്ഷിച്ചാണ് വി.എസ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.
സിപിഎമ്മില്‍ നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായപരിധിയില്ല. വി.എസ് അടക്കമുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണെന്നും കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വോട്ടുകള്‍ വര്‍ദ്ധിച്ചതില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ബിജെപിയിലേക്ക് ചോര്‍ന്നതെന്നും യെച്ചൂരി പറഞ്ഞു
വിഎസിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചും അദ്ദേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാചാലനായും യെച്ചൂരി നടത്തിയ പ്രസംഗം സിപിഎം രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
യുഡിഎഫിനേയും ബിജെപി-എസ്എന്‍ഡിപി സഖ്യത്തേയും പ്രതിരോധിക്കാന്‍ വിഎസിനെ തന്നെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
ജനങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയിലും പൊതുരംഗത്തും തുടരാമെന്ന യെച്ചൂരിയുടെ പ്രസ്താവന സിപിഎം അണികള്‍ക്കും ആവേശമായിട്ടുണ്ട്.