ബംഗാൾ മുഖ്യമന്ത്രി മമതബാനർജിയുടെ ഉറക്കം കെടുത്തുന്നതിപ്പോൾ സാക്ഷാൽ വി.എസ് അച്ചുതാനന്ദനാണ്. നന്ദിഗ്രാമില്‍ തോല്‍വി ഏറ്റുവാങ്ങിയ മമത ബാനര്‍ജി ഭവാനിപൂരില്‍ മത്സരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച സുവേന്ദു അധികാരിയാണ് പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നത്. വി.എസിൻ്റെ മാതൃക പിന്തുടരാൻ മമത തയ്യാറാകണമെന്നാണ് മമതയുടെ മുൻ സഹപ്രവർത്തകനും ബി.ജെ.പി നേതാവുമായ സുവേന്ദു ആവശ്യപ്പെട്ടിരിക്കുന്നത്.
1996ലെ കേരള തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ട വി.എസ് അന്ന് മാറി നിന്ന് നായനാർക്ക് വഴി ഒരുക്കുകയാണുണ്ടായത്. സി.പി.എമ്മിൽ, വി.എസ് ഏറ്റവും ശക്തനായിരുന്ന കാലം കൂടിയായിരുന്നു അത്. വിജയിച്ചിരുന്നെങ്കിൽ ഉറപ്പായും വി.എസ് മുഖ്യമന്ത്രിയാവുമായിരുന്നു. അപ്രതീക്ഷിത തോൽവിയെ തുടർന്ന് വി എസിൻ്റെ സാന്നിധ്യത്തിൽ ചേർന്ന സി.പിഎം നേതൃയോഗമാണ് നായനാരെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ നായനാർ വിജയിക്കുകയും ചെയ്തിരുന്നു. വി.എസും സി.പി.എമ്മും സ്വീകരിച്ച മാതൃകാപരമായ ഈ നടപടിയാണ് ബി.ജെ.പി നേതാവ് തന്നെ ഇപ്പോൾ മമതക്കെതിരെ ആയുധമാക്കുന്നത്.
”ധാര്‍മികമായി മമത മുഖ്യമന്ത്രി പദത്തിന് അര്‍ഹയല്ലന്നും അവരുടെ പാര്‍ട്ടി വിജയിച്ചെങ്കിലും അവള്‍ നന്ദിഗ്രാമിലെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടതായാണ് സുവേന്ദു തുറന്നടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വാദം ഇങ്ങനെയാണ്. “1996ല്‍, കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചു. പക്ഷേ, അന്നത്തെ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന വി.എസ് അച്ചുതാനന്ദന്‍ പരാജയപ്പെടുകയാണുണ്ടായത്. നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും വി.എസ് മുഖ്യമന്ത്രി പദം ഏറ്റെടുത്തില്ല ” ഇതേ നിലപാടാണ് മമതയും മാതൃകയാക്കേണ്ടത് എന്നാണ് സുവേന്ദു ആവശ്യപ്പെടുന്നത്. കമ്യൂണിസ്റ്റു പാർട്ടികളും ബൂർഷ്യാ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള വ്യത്യാസം കൂടിയാണ് 96-ൽ പ്രകടമായിരുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റ നേതാവിനെ മുഖ്യമന്ത്രിയാക്കിയ ചരിത്രം സി.പി.എമ്മിനില്ല. അതിപ്പോൾ സുവേന്ദുവിൻ്റെ പ്രതികരണത്തോടെ ബംഗാൾ മാധ്യമങ്ങളും ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്.
തൃണമൂലില്‍ നിന്നും ബി.ജെ.പിയിലേക്ക് കളംമാറിയ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സുവേന്ദുവിന്റെ സ്വന്തം തട്ടകമായ നന്ദിഗ്രാമില്‍ മമത നേരിട്ട് പോരിനിറങ്ങിയിരുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവർ തോൽക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയ നേതാക്കളെ പോലും ഞെട്ടിച്ച സംഭവമായിരുന്നു അത്. എന്നാൽ, തോറ്റിട്ടും തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന മമത ഉടൻ തന്നെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതോടെ നിയമപ്രകാരം ആറുമാസത്തിനകം തന്നെ മമതക്ക് വീണ്ടും ജനവിധി തേടേണ്ടതുണ്ട്. ഭവാനിപൂരിലെ തൃണമൂൽ അംഗത്തെ രാജിവെപ്പിച്ചാണ് മമത അവിടെ മത്സരിക്കാൻ പോകുന്നത്. ഈ മണ്ഡലത്തിൽ മമതയെ വീഴ്ത്താൻ പരമാവധി ശ്രമം നടത്താനാണ് പ്രതിപക്ഷ പാർട്ടികളും നിലവിൽ ശ്രമിക്കുന്നത്. ബി.ജെ.പിയും ഇടതുപക്ഷവും ശക്തരായ എതിരാളികളെ നിർത്താനാണ് ശ്രമിക്കുന്നത്.
ഇതോടെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം മമതയേയും തൃണമൂലിനെയും സംബന്ധിച്ച് ഏറെ നിര്‍ണായകമായിരിക്കുകയാണ്. ഇവിടെ നിന്നു കൂടി പരാജയപ്പെട്ടാൽ അത് മമതയെ സംബന്ധിച്ച് വൻ പ്രഹരമാകും അതോടെ അവർക്ക് മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടിയും വരും. അധികാരമോഹിയായി മമതയെ ചിത്രീകരിച്ച് വീഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായാണ് അവർ വി.എസിൻ്റെ മാതൃകയും ചൂണ്ടിക്കാണിക്കുന്നത്. മമതയല്ലാതെ മുഖ്യമന്ത്രിയാവാൻ വേറെ നേതാവ് ഇല്ലേ എന്ന ചോദ്യത്തിനും തൃണമൂലിന് ഇപ്പോൾ മറുപടിയില്ല. ഏകാധിപതിയായിരുന്ന സാക്ഷാൽ ജയലളിതക്കു പോലും മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നപ്പോൾ ഒരു പകരക്കാരൻ ഉണ്ടായിരുന്നു. എന്നാൽ അത്തരം ഒരു പരീക്ഷണം മമത നടത്തിയാൽ തൃണമൂൽ കോൺഗ്രസ്സ് തന്നെയാണ് നെടുകെ പിളരുക. ഇക്കാര്യം വ്യക്തമായി അറിയാവുന്നതും മമതക്കു തന്നെയാണ് മറ്റൊരു പരീക്ഷണത്തിന് നിൽക്കാതിരിക്കുന്നതിൻ്റെ ഒരു കാരണം അതു കൂടിയാണ്.
ഭരണം നിലനിർത്തിയെങ്കിലും സുവേന്ദുവിനോട് പരാജയപ്പെട്ടത് ദേശീയ തലത്തിലും മമതയുടെ ഇമേജിനെ സാരമായി ബാധിച്ചിട്ടുണ്ട്. മമതയുടെ മിടുക്ക് കൊണ്ടല്ല ബി.ജെ.പി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടതു കൊണ്ടാണ് തൃണമൂൽ വിജയിച്ചതെന്നതാണ് യാഥാർത്ഥ്യം. നന്ദിഗ്രാം നൽകുന്ന സൂചനയും അതു തന്നെയാണ്. ബംഗാളിൻ്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത വൻ ധ്രുവീകരണമാണ് ഇത്തവണ നടന്നിരിക്കുന്നത്. മമതയുടെ ഭരണത്തിൽ ശരിക്കും തഴച്ചു വളർന്നത് ബി.ജെ.പിയാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 42-ൽ 18 സീറ്റുകളാണ് ബി.ജെ.പി നേടിയിരിക്കുന്നത്. ബി.ജെ.പി ഉയർത്തിയ വർഗീയ ചേരിതിരിവ് തന്നെയാണ് മമതയും ബംഗാളിൽ പയറ്റുന്നത്. ഇരു വിഭാഗത്തും സാമുദായിക വോട്ടുകൾ കേന്ദ്രീകരിക്കപ്പെടാനാണ് ഈ നീക്കങ്ങളെല്ലാം വഴി ഒരുക്കിയിട്ടുള്ളത്.
വോട്ടെടുപ്പിനിടെ കേന്ദ്ര സേന നടത്തിയ വെടിവയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടത് തൃണമൂലിനാണ് ശരിക്കും പ്രയോജനം ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തിനും കോൺഗ്രസ്സിനും സ്വാധീനമുള്ള ന്യൂനപക്ഷ പ്രദേശങ്ങളിൽ പോലും തൃണമൂലാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. തൃണമൂലിൻ്റെ അക്രമ രാഷ്ട്രീയത്തെയും ബി.ജെ.പിയുടെ വർഗീയ- ജനവിരുദ്ധ നയങ്ങളെയുമാണ് ഇടതുപക്ഷം എതിർത്തിരുന്നത്. സി.പി.എമ്മിൻ്റെ പ്രചരണവും ഈ വിഷയത്തിൽ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ ശക്തമായ വർഗീയ ചേരിതിരിവിൽ ഈ മുദ്രാവാക്യമെല്ലാം അപ്രസക്തമാവുകയാണുണ്ടായത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ന്യൂനപക്ഷ പ്രീണനവും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ കാളി ജപം ഉൾപ്പെടെ ചൊല്ലിയുമാണ് മമത വോട്ട് രാഷ്ട്രീയം പയറ്റിയിരുന്നത്.
മനുഷ്യൻ്റെ കഷ്ടപ്പാടിനും അപ്പുറം വൈകാരികത വോട്ടാക്കി മാറ്റുന്ന ആ നീക്കമാണ് ഒടുവിൽ വിജയം കണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിട്ടില്ലങ്കിലും നൂറിനടുത്ത് സീറ്റുകൾ നേടാൻ കാവിപ്പടക്ക് സാധിച്ചിട്ടുണ്ട്. ഇതാകട്ടെ മമതയെ സംബന്ധിച്ച് മുന്നറിയിപ്പ് തന്നെയാണ്.ഇടതുപക്ഷം ഭരിക്കുമ്പോൾ കാവിപ്പടയുടെ ഒരു തരി പോലും ബംഗാളിൽ ഉണ്ടായിരുന്നില്ല. അക്കാലത്ത് ഒറ്റ വർഗ്ഗീയ കലാപം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഗുജറാത്ത് കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട കുത്തുബുദ്ദീൻ അൻസാരിക്ക് അഭയം നൽകിയ ചരിത്രമാണ് ബംഗാളിലെ ഇടതുപക്ഷ സർക്കാറിനുണ്ടായിരുന്നത്. ആ ബംഗാളിപ്പോൾ കലാപ ഭൂമിയാണ്. തെരുവിൽ ഒഴുകുന്നത് ചുടുചോരയാണ്. തെരഞ്ഞെടുപ്പിനു ശേഷം മാത്രം 22 പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിൽ ഒരു സി.പി.എം പ്രവർത്തകയും ഉൾപ്പെടുന്നുണ്ട്.
ഇപ്പോഴും ബംഗാൾ സമാധാനത്തിലേക്ക് തിരിച്ചു പോയിട്ടില്ല. ബി.ജെ.പി – തൃണമൂൽ പ്രവർത്തകർ മിക്കയിടത്തും ഏറ്റുമുട്ടുകയാണ്. ആദ്യമായി തൃണമൂൽ കോൺഗ്രസ്സ് ബംഗാൾ ഭരണം പിടിച്ചപ്പോൾ ഉണ്ടായതിന് സമാനമായി ആയിരങ്ങളാണ് ഇത്തവണയും സ്വന്തം ഗ്രാമങ്ങൾവിട്ട് പലായനം ചെയ്തിരിക്കുന്നത്. കരളലിയിക്കുന്ന കാഴ്ചയാണിത്. വർഗ്ഗീയത അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അപകടകരമാണ്. അതിന് തീ കൊടുത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥത്തിൽ രാജ്യദ്രോഹികൾ. ഇത്തരക്കാരെ എന്നു ഒറ്റപ്പെടുത്തുന്നുവോ അന്നു മാത്രമേ, ബംഗാളിലും സമാധാനം പുലരുകയൊള്ളു. മമതക്കും മോദിക്കും കയ്യടിക്കുന്നവർ ഇക്കാര്യവും ഓർക്കുന്നത് നല്ലതായിരിക്കും.