പാലക്കാട് : മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതിനെ ചൊല്ലി സിപിഎമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത.
വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതുശേരി ഏരിയ സെക്രട്ടറിയും മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയുമായ സുഭാഷ് ചന്ദ്ര ബോസിനെയാണ് മാറ്റിയത്.
പകരം വിഎസിന്റെ വിശ്വസ്തനായ സിഐടിയു നേതാവ് പ്രഭാകരനാണ് ചുമതല നല്‍കിയത്.
നിലവില്‍ കോങ്ങാട് പാര്‍ട്ടി ഏരിയാ സെക്രട്ടറിയും തന്റെ വിശ്വസ്തനുമായ ഗോകുല്‍ ദാസിനെ കൂടി മലമ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ചുമതല നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിഎസിന്റെ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.
രേഖാമൂലം വിഎസ് നല്‍കിയ കത്ത് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ചേര്‍ത്ത് രൂക്ഷമായ വാദപ്രതിവാദത്തിന് ശേഷമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തള്ളിക്കളഞ്ഞത്.
കോങ്ങാട് മത്സരിക്കുന്ന മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിജയദാസിനെതിരെ പാര്‍ട്ടിക്കകത്ത് വിമതപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഗോകുല്‍ദാസിനെ ആവശ്യപ്പെട്ട വിഎസിന്റെ നടപടി പാര്‍ട്ടി ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞത്.
മലമ്പുഴ മണ്ഡലത്തില്‍ ചുമതലയുണ്ടായിരുന്ന സുഭാഷ് ചന്ദ്ര ബോസിനെ മാറ്റിയതുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് സിപിഎമ്മിനുള്ളില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.
വിഎസിന്റെ മകന്‍ അരുണ്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിഎസ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും ഇത് ‘മറ്റ് ചില’ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നുമാണ് ആരോപണം.
വിഎസിനെ പോലെ ഉന്നതനായ നേതാവ് മത്സരിക്കുന്ന മണ്ഡലത്തില്‍ എത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് കൃത്യമായ കണക്ക് വേണമെന്നും എല്ലാം സുതാര്യമായിരിക്കണമെന്നുമാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ മേല്‍നോട്ടവും പാര്‍ട്ടി കമ്മറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പിണറായിയും വിഎസും ഒരേസമയം മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേതാക്കളുടെ വിജയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മലമ്പുഴ മണ്ഡലത്തിന്റെ ചുമതല പ്രഭാകരന് കൈമാറിയതെന്നാണ് വിഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ലെന്നിരിക്കെ സ്വന്തം ജയം ഉറപ്പുവരുത്താന്‍ വിഎസ് നടത്തുന്ന നീക്കം ‘അപകടം’ മുന്നില്‍ കണ്ടാണെന്ന നിഗമനത്തിലാണ് രാഷ്ട്രീയനിരീക്ഷകര്‍.