തിരുവനന്തപുരം: അതിസമ്പന്നരുടെ വിനോദകേന്ദ്രമായ ക്ലബുകള്‍ക്ക് പാട്ടം ഇളവ് നല്‍കിയും, ഭൂമി പതിച്ചു നല്‍കിയും സമ്പന്നര്‍ക്ക് കുടിച്ചു കൂത്താടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
തിരുവനന്തപുരത്തെ സമ്പന്നരുടെ വിനോദകേന്ദ്രമായ ടെന്നീസ് ക്ലബ്ബിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ജപ്തി നടപടി നടക്കുന്നതിനിടയില്‍ തന്നെയാണ്, ഇതേ ഭൂമി ക്ലബിനു പതിച്ചുനല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. നേരത്തെ ടെന്നീസ് ക്ലബിന്റെ പാട്ടക്കുടിശികയില്‍ പതിനൊന്ന് കോടിയുടെ ഇളവ് നല്‍കി പാട്ടം പുതുക്കി നല്‍കുകയായിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന 2.27 ഏക്കര്‍ ഭൂമിയാണ് പതിച്ചുനല്‍കുന്നത്. ഈ ടെന്നീസ് ക്ലബില്‍നിന്നു കേരളത്തിനുവേണ്ടി ഒരു ടെന്നീസ് താരത്തിനെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടിയിട്ടും പല ക്ലബുകളിലെയും ബാറുകള്‍ പൂട്ടുന്നതിന് സര്‍ക്കാര്‍ തയാറായിട്ടില്ല. മുതലാളിമാര്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും ഇഷ്ടം പോലെ ആനന്ദിക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിന്റെ പൊ ന്നുംവില കിട്ടുന്ന സ്ഥലങ്ങള്‍ ക്ലബുകള്‍ക്ക് പതിച്ചുകൊടുക്കുകയും പാട്ടക്കുടിശിക ഒഴിവാക്കുകയും ചെയ്തിരിക്കുന്നത്.
പൊതുസ്വത്ത് കൊള്ളയടിക്കുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും കേരളത്തിന്റെ പൊതുജീവിതത്തില്‍നിന്ന് തൂത്തെറിയുക മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും വി.എസ് പറഞ്ഞു.