ജില്ലാ കോണ്‍ഗ്രസില്‍ അച്ചടക്കലംഘനം നടത്തിയത് വി എസ് ജോയ്; പരാതിയുമായി കോണ്‍ഗ്രസ് എ വിഭാഗം

മലപ്പുറം: ജില്ലാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാക്കിയതും അച്ചടക്കലംഘനം നടത്തിയതും ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ആണെന്ന പരാതിയുമായി കോണ്‍ഗ്രസ് എ വിഭാഗം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും 17 പേര്‍ ഒപ്പിട്ട കത്ത് നല്‍കി. മുതിര്‍ന്ന നേതാക്കളായ സി ഹരിദാസ്, വി എ കരീം, വീക്ഷണം മുഹമ്മദ്, എ പത്മകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 10 ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളുമാണ് കത്തില്‍ ഒപ്പിട്ടത്.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രശ്‌നം തെരുവിലെത്തിച്ചത് ഡിസിസി പ്രസിഡന്റ് ആണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ മുന്‍പ് കൂട്ടായ ചര്‍ച്ചകളിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് വിഭാഗത്തിലുള്ളവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണെന്നും കത്തില്‍ പറയുന്നു. ബ്ലോക്ക് കമ്മിറ്റികളിലേക്കും മറ്റും ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും ഒഴിവാക്കിയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ചൊവ്വാഴ്ച നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനു ശേഷം ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും ബ്ലോക്ക് കമ്മിറ്റി അധ്യക്ഷരും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുത്ത നേതൃയോഗത്തില്‍ ജില്ലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരുങ്ങിയിരുന്നെങ്കിലും, ഇപ്പോള്‍ അത്തരം ചര്‍ച്ച വേണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വിലക്കി.

Top