തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.
എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയെ ഫോണില്‍ വിളിച്ചാണ് വി.എസ് പിന്തുണയറിയിച്ചത്. മഹിജയുടെ ആരോഗ്യസ്ഥിതിയെകുറിച്ചും വി.എസ് അന്വേഷിച്ചു.
ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയത്. നിരാഹാരസമരം അനുഷ്ഠിക്കാന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തടഞ്ഞു.
സംഭവത്തില്‍ ആദ്യം പ്രതികരിച്ചത് വി.എസ്. അച്യുതാനന്ദന്‍ ആയിരുന്നു. അദ്ദേഹം ഡിജിപി ലോകനാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ചു ശകാരിച്ചിരുന്നു. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പൊലീസിന്റെ നടപടി ലജ്ജാകരമാണെന്ന് വിഎസ് ഡിജിപിയോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പരാതി പറയാന്‍ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റു ചെയുന്നതെന്ന് വിഎസ് ഡിജിപിയോട് ചോദിച്ചു. ഉപതെരഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും വി.എസ് ഡിജിപിയോട് ചോദിച്ചിരുന്നു.