തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിയമനത്തട്ടിപ്പിലും മൈക്രോ ഫൈനാന്‍സ് തട്ടിപ്പിലുമായി 1015 കോടി രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് വി.എസ് ആരോപിച്ചു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പിന്നോക്ക വികസന കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയുള്ള ഇടപാടില്‍ 600 കോടിയോളം രൂപ വെള്ളാപ്പള്ളി കൈപ്പറ്റിയതായും വി.എസ് ആരോപിച്ചു.
നിര്‍ധനരായ സ്ത്രീകളില്‍ നിന്നും 5 ശതമാനം പലിശ ഈടാക്കേണ്ടിയിരുന്ന സ്ഥാനത്ത് 18 ശതമാനം ഈടാക്കി. സ്ത്രീകള്‍ തിരിച്ചടക്കാനായി നല്‍കിയ പണം അടച്ചില്ല. സ്ത്രീകളോട് വെള്ളാപ്പള്ളി ചെയ്തത് കൊലച്ചതി ആയിരുന്നു. ഇതിനെതിരെ നിരവധി സ്ത്രീകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഇവര്‍ക്കുവേണ്ടി താന്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.
നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി 600 കോടി രൂപ കോഴ വാങ്ങി. എസ്.എന്‍ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ പ്രവേശത്തിനുമാണ് കോഴ വാങ്ങിയത്. എസ്.എന്‍.ഡി.പിയുടെ 20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് തന്റെ പക്കലുണ്ട്. ചിലവുകളെക്കുറിച്ചല്ലാതെ വരവിനെക്കുറിച്ച് അതില്‍ പരാമര്‍ശങ്ങളില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി..
സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടി പിന്‍വലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.