തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ കേസില്‍ കേരളം തോറ്റതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് തോറ്റു കൊടുക്കുകയായിരുന്നുവെന്നും ഇത്തവണ ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും കേരളത്തിന്റെ ശബ്ദം ഉയര്‍ന്നില്ലെന്നും വി.എസ് സഭയില്‍ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിസംഗത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തമിഴ്‌നാട് കേരളത്തെ വെല്ലുവിളിയ്ക്കുകയാണെന്നും കേന്ദ്രത്തിനു മുന്നില്‍ വേണ്ടവിധത്തില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും വിഷയത്തില്‍ സര്‍ക്കാരിന് അലംഭാവമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.