vs sunil kumar at niyamasabha

തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുളള മുഴുവന്‍ കുടിശ്ശികയും ഈ വര്‍ഷം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിയമസഭയില്‍ അറിയിച്ചു.

കുടിശ്ശിക തുക കൊടുത്തു തുടങ്ങിയതായും സംഭരണ വില കിലോയ്ക്ക് 22.50 ആയി വര്‍ദ്ധിപ്പിച്ചതായും കെ.കൃഷ്ണന്‍ കുട്ടിയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം സംഭരണ കുടിശ്ശിക നല്‍കാനായി 600 കോടിയാണ് നീക്കിവെച്ചതെന്നും മന്ത്രി പറഞ്ഞു.

വരള്‍ച്ചയില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹെക്ടര്‍ ഒന്നിന് 13,500 രൂപയും വിള ഇന്‍ഷ്വര്‍ ചെയ്തിട്ടുളള കര്‍ഷകര്‍ക്ക് ഇതിനു പുറമേ ഹെക്ടറിന് 12,500 രൂപയും ലഭിക്കും.

വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചതിനാല്‍ കര്‍ഷകരുടെ വായ്പ്പകള്‍ക്ക് മൊറട്ടോറിയം ഉണ്ടാകുമെന്നും വി.ആര്‍.പ്രദീപിന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.

ചേലക്കരയില്‍ വരള്‍ച്ചയില്‍ 849 ഹെക്ടര്‍ നെല്‍കൃഷി നശിച്ച് 339.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചേലക്കരയിലെ വരള്‍ച്ച ബാധിത കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ഉടന്‍ അയക്കുമെന്നും മന്ത്രി പറഞ്ഞു.

Top