ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണതിരക്കിനിടയില്‍ റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സിനൊപ്പം സിനിമ കാണാനെത്തി തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളികളും തമിഴ്‌നാട്ടുകാരും ഏറ്റെടുത്തതിന്റെ കാരണം നമ്മളെല്ലാവരും മനുഷ്യസ്‌നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നതാണെന്ന് വിഎസ് സുനില്‍കുമാര്‍ പറയുന്നു.
സൗഹൃദം സ്‌നേഹം എന്നൊക്കെ പറയുന്നതിന്റെ ഔന്നിത്യം എത്രമാത്രമുണ്ടെന്ന് കാണിക്കുന്ന സംഗതിയാണ് സുഭാഷിനെ രക്ഷിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ നടത്തിയിട്ടുള്ള സാഹസികമായ പ്രവര്‍ത്തനമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. സുനില്‍ കുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്. ബുധനാഴ്ച പ്രചാരണം കഴിഞ്ഞ് മഞ്ഞുമ്മലിലെ പിള്ളേര്‍ക്കുമൊപ്പമാണ് മുന്‍ മന്ത്രി കൂടിയായ സുനില്‍കുമാര്‍ സെക്കന്‍ഡ് ഷോ കാണാനെത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ റിയല്‍ ലൈഫ് കഥാപാത്രങ്ങളെ സുനില്‍കുമാര്‍ ആദരിക്കുകയും ചെയ്തു.
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രവര്‍ത്തനം മാത്രമല്ല, 2018ല്‍ പ്രളയമുണ്ടായപ്പോള്‍, 2019ല്‍ പ്രളയമുണ്ടായപ്പോള്‍, 2020ല്‍ കൊവിഡ് സംഭവിച്ചപ്പോഴൊക്കെ നാടിനെ രക്ഷിക്കാന്‍ വന്നത് കേരളത്തിലെ ചെറുപ്പക്കാര്‍ തന്നെയായിരുന്നു. ആ പാരമ്പര്യം തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള അതിസാഹസികമായ പ്രവര്‍ത്തനമെന്നും തിയേറ്ററില്‍ നിന്ന് സുനില്‍ കുമാര്‍ പറഞ്ഞു. സിനിമ കാണാനെത്തിയ മഞ്ഞുമ്മലിലെ എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും അഭിവാദ്യങ്ങളെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം സിനിമ കാണുന്ന വിഡിയോയും സുനില്‍കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. ‘മ്മ്‌ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.