ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ നടത്തിപ്പിലെ പരാതികള്‍ അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. പാക്കേജിന്റെ പുനരുജ്ജീവനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നത്തില്‍ കൃഷിവകുപ്പ് സെക്രട്ടറിയോട് മന്ത്രി വിശദീകരണം തേടി. കുട്ടനാട് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുട്ടനാട് പാക്കേജ് നടപ്പിലാക്കിയതിലെ പിഴവുകള്‍ മന്ത്രി നേരില്‍ കണ്ട് പരിശോധിച്ചു. ബണ്ട് നിര്‍മാണത്തില്‍ പിഴവ് വരുത്തിയ കരാറുകാര്‍ക്ക് പണം നല്‍കില്ലെന്ന് മന്ത്രി പറഞ്ഞു.
താല്‍കാലികമായി നിലച്ച കുട്ടനാട് പാക്കേജിന്റെ പുനരുജ്ജീവനത്തിന് പദ്ധതി തയ്യാറാക്കി പ്രധാനമന്ത്രിയെ കാണും. കുട്ടനാട് പാക്കേജ് സംബന്ധിച്ച ഉന്നത തല യോഗങ്ങള്‍ വേഗത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകരുടെ സംഭരണ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കും. അടുത്ത വര്‍ഷം മുതല്‍ സംഭരണ കുടിശിക വരാതിരിക്കാന്‍ സഹകരണ ബാങ്കുകളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.