vs – swaraj – udf

കൊച്ചി: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്വരാജിനെ വിഎസ് വിരുദ്ധനായി ചിത്രീകരിച്ച് വോട്ട് തട്ടാനുള്ള യുഡിഎഫ്ബിജെപി നീക്കത്തിന് തിരിച്ചടി.

സ്വരാജുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്നും എല്ലാം എതിരാളിയുടെ കള്ളപ്രചരണമാണെന്നും വിഎസ് തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ കഴിഞ്ഞ രണ്ട് സംസ്ഥാന സമ്മേളനങ്ങളില്‍ വിഎസിനെതിരെ സ്വരാജ് നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശം മുന്‍നിര്‍ത്തി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് തന്നെവെച്ച് ശത്രുക്കള്‍ മുതലെടുപ്പിന് ശ്രമിക്കുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിഎസിന്റെ അപ്രതീക്ഷിത പ്രതികരണം ഇടത് ക്യാംപില്‍ ആവേശമായപ്പോള്‍ മറുഭാഗത്ത് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയായി.

വിഎസ് തൃപ്പൂണ്ണിത്തുറയില്‍ പ്രചരണത്തിന് വരില്ലെന്നും വിഎസിനെ പ്രായം പോലും വകവെക്കാതെ സ്വരാജ് അധിക്ഷേപിച്ചെന്നുമായിരുന്നു പ്രചരണം.

വിജയം തുടര്‍ക്കഥയാക്കാന്‍ കോണ്‍ഗ്രസും ശക്തി തെളിയിക്കാന്‍ ബിജെപിയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയ തൃപ്പൂണിത്തുറ സംസ്ഥാനത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണിപ്പോള്‍.

സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന സംഘടനയുടെ സാരഥിയെ തന്നെ രംഗത്തിറക്കുക വഴി മണ്ഡലം പിടിച്ചെടുക്കല്‍ തന്നെയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ബാബുവിന്റെ തോല്‍വി തങ്ങളുടെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരം കൂടിയാവുമെന്ന കാഴ്ചപ്പാടിലാണ് സിപിഎം.

Top