കോഴിക്കോട്: മാധ്യമങ്ങളെ വിലക്കിയ ദിവസം ഐസ്‌ക്രിം പാര്‍ലര്‍ അട്ടിമറി കേസില്‍ കോഴിക്കോട് കോടതിയില്‍ നടന്ന സംഭവങ്ങളില്‍ ദുരൂഹതയെന്ന് വിഎസിന്റെ അഭിഭാഷകന്‍ അഡ്വ.ഭാസ്‌ക്കരന്‍ നായര്‍.
വി എസിനെതിരെ വാദവുമായി കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ ഇടപെട്ടു. കക്ഷിയല്ലാത്ത അഭിഭാഷകന്‍ ഇടപെട്ടപ്പോള്‍ ശക്തമായി പ്രതികരിക്കേണ്ടിവന്നെന്നും സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിശബ്ദത പാലിച്ചുവെന്നും ഭാസ്‌ക്കരന്‍ നായര്‍ പറഞ്ഞു.
പുതുതായി രംഗപ്രവേശം ചെയ്ത അഭിഭാഷകനെ നേരിട്ടറിയില്ലെന്ന് പറഞ്ഞ ഭാസ്‌കരന്‍ നായര്‍ ഹൈക്കോടതി അഭിഭാഷനായ സന്തോഷ് മാത്യ എന്നയാളാണ് ഇതെന്ന് മറ്റുള്ളവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതായും പറഞ്ഞു.
ആരാണെന്ന് ചോദിച്ചപ്പോള്‍ വിഎസ് ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ അഞ്ചാമത്തെ പരാതിക്കാരന് വേണ്ടി താന്‍ ഹാജരായിട്ടുണ്ടെന്നാണ് അറിയിച്ചത്.
ഈ കേസില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അത് കൂട്ടാക്കാതെ ഒരു കടലാസ് കെട്ട് കാണിച്ച് തന്റെ കയ്യില്‍ വിധികളുണ്ടെന്ന് പറഞ്ഞ് വീണ്ടും സംസാരിക്കുകയാണ് ചെയ്തതെന്നും അഡ്വ.ഭാസ്‌ക്കരന്‍ നായര്‍ ആരോപിച്ചു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ദിവസമാണ് കോഴിക്കോട് കോടതിയില്‍ പോലീസ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്.
വിഎസിന്റെ ഹര്‍ജി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നതിനിടയിലായിരുന്നു കേസില്‍ കക്ഷിയല്ലാത്ത ഹൈക്കോടതി അഭിഭാഷകന്‍ സന്തോഷ് മാത്യുവിന്റെ ഇടപെടല്‍.
ഈ കേസ് പരിഗണിക്കുന്ന ദിവസം മാധ്യമങ്ങളെ കോടതിയില്‍ നിന്നും അകറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം ചൂടു പിടിക്കുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തലുകളുമായി വി എസിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിരിക്കുന്നത്