കൊച്ചി: ഏഴ് വര്‍ഷത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഫെയ്‌സ്ബുക്കില്‍ ലഭിച്ച ലൈക്കുകള്‍ 9,33,275 ഒരാഴ്ചകൊണ്ട് മാത്രം വിഎസിന് ലഭിച്ച ലൈക്കുകള്‍ 1,42,233.
ഈ പോക്കു പോകുകയാണെങ്കില്‍ അധികം താമസിയാതെ ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ എണ്ണത്തിലും ഉമ്മന്‍ ചാണ്ടിയെ വിഎസ് മറികടക്കും.
ഒരോ ദിവസവും രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ കൊണ്ട് ചൂടുപിടിക്കുന്ന ഇടമായി ഇതിനകം തന്നെ മാറി കഴിഞ്ഞ ഫെയ്‌സ്ബുക്കില്‍ ഈ ‘രംഗത്തെ’ ഹീറോയും ഇപ്പോള്‍ വിഎസ് തന്നെയാണ്.
വിഎസിന്റെ ഒരു പോസ്റ്റിന് കിട്ടുന്ന റീച്ച് മറ്റൊരു നേതാവിന്റെ പോസ്റ്റിനും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വിഎസിന് എത്രയോ മുന്‍പ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേജിന് 9 ലക്ഷത്തിലധികം ലൈക്കുണ്ടെങ്കിലും ഒരു ലക്ഷത്തിനപ്പുറം മാത്രം ലൈക്കുള്ള വിഎസിന്റെ ഒരു പോസ്റ്റിന് ലഭിക്കുന്ന സ്വീകാര്യത മുഖ്യമന്ത്രിയുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ല.
ഏപ്രില്‍ 23 ന് മുഖ്യമന്ത്രിക്ക് വിഎസ് നല്‍കിയ മറുപടി കത്ത് 8,892 പേരാണ് ഇതിനകം ഷെയര്‍ ചെയ്ത് കഴിഞ്ഞിരിക്കുന്നത്.
ഓരോ ദിവസവും വിഎസിന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.
നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണം മണ്ഡലങ്ങളില്‍ തീ പാറുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള തെരെഞ്ഞെടുപ്പ് പോരാട്ടവും ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.